അമ്മയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി
വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാൻ്റെ അമ്മ ഷെമിയുടെ നിർണായക മൊഴി പുറത്ത്. കട്ടിലിൽ നിന്ന് വീണ് തല തറയിൽ ഇടിച്ചെന്നാണ് അമ്മ മൊഴി നൽകിയത്. അമ്മയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. ഗുരുതര പരിക്കേറ്റ അമ്മ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. അമ്മയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന വിശദീകരണം.
അതേസമയം കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. അഞ്ച് പേരുടെയും മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കൊല്ലപ്പെവരുടെ മൃതദേഹം മയ്യിത്ത് നമസ്കാരത്തിന് ശേഷം സംസ്കരിച്ചു. മുഖ്യപ്രതി അഫാൻ്റെ സഹോദരന്‍ അഫ്സാന്‍, എസ്.എൻ പുരം ചുള്ളാളം സ്വദേശികളായ ഉപ്പയുടെ സഹോദരൻ ലത്തീഫ്, അദ്ദേഹത്തിൻ്റെ ഭാര്യ ഷാഹിദ, ഉപ്പയുടെ ഉമ്മ പാങ്ങോട് സ്വദേശി സല്‍മാ ബീവി, പെണ്‍സുഹൃത്ത് ഫർസാന എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചത്.
കഴിഞ്ഞദിവസം വൈകുന്നേരം അഞ്ച് മണിയോടെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തിയാണ് അഫാന്‍ കൊലപാതകം നടത്തിയ കാര്യം പൊലീസിനോട് ഏറ്റു പറഞ്ഞത്. ആറ് പേരെ കൊന്നെന്നായിരുന്നു പ്രതി പറഞ്ഞത്. ഇതേതുടർന്ന് പൊലീസുകാര്‍ ഇയാളെയും കൂട്ടി പോരുമലയിലെ വീട്ടിലെത്തുകയായിരുന്നു.
അടുക്കളവാതില്‍ തകര്‍ത്ത് പൊലീസും നാട്ടുകാരും ഉള്ളില്‍ കയറിയപ്പോള്‍ പാചകവാതകത്തിന്റെ ഗന്ധമുണ്ടായിരുന്നു. കൂട്ടക്കൊലയ്ക്ക് ശേഷം ഗ്യാസ് കുറ്റി തുറന്നുവിട്ടിട്ടായിരുന്നു പ്രതി പൊലീസ് സ്റ്റേഷനിലേക്ക് പോയത്.അകത്ത് കയറിയപ്പോള്‍ വീടിന്റെ താഴത്തെ നിലയില്‍ തലയില്‍ നിന്ന് ചോര വാര്‍ന്ന നിലയിലായിരുന്നു അഫാന്റെ അമ്മ ഷെമി കിടന്നിരുന്നത്. അവരുടെ കണ്ണിമ മാത്രം നേരിയതായി ചിമ്മുന്നുണ്ടായിരുന്നു. ഗുരുതര പരിക്കുകളോടെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ALSO READ: സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നില്ല; ക്രൂര കൊലപാതകം പ്രണയം കുടുംബം അംഗീകരിക്കാത്തതിനെ തുടര്‍ന്ന്?
കൊലപാതകത്തിന് ശേഷം പ്രതി അഫാൻ തൻ്റെ ഓട്ടോയിലാണ് സഞ്ചരിച്ചതെന്ന് മുഖ്യസാക്ഷിയായ ഓട്ടോ ഡ്രൈവർ വെളിപ്പെടുത്തി. മന്തി വാങ്ങണമെന്ന് പറഞ്ഞുകൊണ്ട് അനുജനെ കൂട്ടി പോകണമെന്ന് അഫാൻ ഓട്ടോ ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു. അതുകഴിഞ്ഞ് വർക്ക് ഷോപ്പിൽ പോകണമെന്ന് പറഞ്ഞ് വണ്ടിയിൽ കയറിയിരുന്നെങ്കിലും പൊലീസ് സ്റ്റേഷൻ്റെ മുന്നിലുള്ള പ്രവർത്തനരഹിതമായ എൻറിച്ച് സലൂണിന് സമീപത്താണ് ഇറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രതി മദ്യപിച്ചിരുന്നതായും ഡ്രൈവർ ചൂണ്ടിക്കാട്ടി.