റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ അഞ്ച് ദിവസം മാത്രമാണ് ബാക്കിയുള്ളത്
കാലാവധി അവസാനിക്കുന്നതിന് മുന്‍പ് പിഎസ്സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കുന്ന വനിത സിപിഒ റാങ്ക് ഹോൾഡേഴ്സിൻ്റെ അനിശ്ചിതകാല നിരാഹാര സമരം പതിമൂന്നാം ദിവസത്തിലേക്ക്. വിഷു ദിനത്തിൽ ഉദ്യോഗാർഥികൾ കറുത്ത വസ്ത്രം ധരിച്ചും രക്തത്തിൽ എഴുതിയ പ്ലക്കാർഡുമായാണ് പ്രതിഷേധിക്കുന്നത്. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ അഞ്ച് ദിവസം മാത്രമാണ് ബാക്കിയുള്ളത്. അതിനിടെയാണ്, റാങ്ക് ഹോൾഡമാർ കറുത്ത വസ്ത്രം ധരിച്ച് രക്തത്തിൽ എഴുതിയ പ്ലക്കാർഡുമായി പ്രതിഷേധിക്കുന്നത്.
ALSO READ: പ്രതീക്ഷയുടെ വിഷു; സമരപ്പന്തലില്‍ വിഷുക്കണി ഒരുക്കി ആശമാര്‍
കഴിഞ്ഞ ദിവസം മുഖത്ത് ചായം അണിഞ്ഞ് സ്വയം കോമാളി വേഷം കെട്ടി മുകാഭിനയം നടത്തിയായിരുന്നു റാങ്ക് ഹോൾഡർമാരുടെ പ്രതിഷേധം. ശയനപ്രദക്ഷിണം നടത്തിയും മുട്ടിലിഴഞ്ഞും, കല്ലുപ്പിൽ മുട്ടികുത്തിനിന്നും, ഒറ്റക്കാലിൽ മുട്ടുകുത്തി നിന്നുമെല്ലാം റാങ്ക് ഹോൾഡർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.
ALSO READ: കൃഷ്ണവിഗ്രഹം ഇല്ലാതെ എന്ത് വിഷുക്കണി? കണ്ണൂരിലെ വിഷുക്കാലത്തെ ഒരു വഴിയോരകാഴ്ച
ഈ മാസം 19നാണ് വനിതാ സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. 967 പേർ ഉൾപ്പെടുന്ന വനിതാ സിപിഒ റാങ്ക് ലിസ്റ്റിൽ 259 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. ഇതില്‍ 60ഉും എന്‍ജെഡി (നോണ്‍ ജോയിനിങ് ഡ്യൂട്ടി) ആണ്. മുന്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് 815 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. റാങ്ക് ലിസ്റ്റിൽ നിന്ന് കൂടുതൽ നിയമനം നടത്തുക, റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക എന്നിവയാണ് ഇവരുടെ സമരാവശ്യം.