വിമതമുന്നേറ്റത്തിനിടെ ജനുവരി 27ന് ഗോമയിലെ മുസെൻസ് ജയിലിൽ തടവുകാരായിരുന്ന 165 സ്ത്രീകളെ പുരുഷ തടവുകാർ ബലാത്സംഗം ചെയ്തതായി കോംഗോ അധികൃതർ നേരത്തെ കണ്ടെത്തിയിരുന്നു
കിഴക്കൻ കോംഗോയിൽ ഗോമ നഗരത്തിലെ ജയിലിൽ നൂറിലധികം വനിതാ തടവുകാരെ ജീവനോടെ കത്തിച്ചതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. ജയിൽ ചാടുന്നതിനെടെ പുരുഷൻമാരായ തടവുകാർ, സ്ത്രീകളെ ബലാത്സംഗം ചെയ്തെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഈ സ്ത്രീകളെയാണ് ജീവനോടെ കത്തിച്ചത്. എം23 വിമത ഗ്രൂപ്പ് നഗരം പിടിച്ചടക്കാൻ ശ്രമം ആരംഭിച്ചതിന് പിന്നാലെ, നൂറുകണക്കിന് തടവുകാർ മുൻസെൻസെ ജയിലിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.
വിമതമുന്നേറ്റത്തിനിടെ ജനുവരി 27ന് ഗോമയിലെ മുസെൻസ് ജയിലിൽ തടവുകാരായിരുന്ന 165 സ്ത്രീകളെ പുരുഷ തടവുകാർ ബലാത്സംഗം ചെയ്തതായി കോംഗോ അധികൃതർ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ തടവുകാർ ജയിലിന് തീയിട്ടതോടെയാണ് സ്ത്രീകൾ കൊല്ലപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ആഴ്ച തടവുകാർ ജയിൽ ചാടുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിൽ ജയിലിൽ നിന്നും പുക ഉയരുന്നതും ആളുകൾ ഓടിപ്പോകുന്നതും കാണാം.
കിഴക്കന്‍ കോംഗോയിൽ മൂന്ന് ദശാബ്ദത്തിലധികമായി തുടരുന്ന വംശീയ സംഘർഷങ്ങള്‍, കഴിഞ്ഞ മാസമാരംഭിച്ച വിമതമുന്നേറ്റത്തിലൂടെ തീവ്രമായിരിക്കുകയാണ്. ടൂട്‌സി ന്യൂനപക്ഷ വിമതരായ എം23, മേഖലയിലെ ഏറ്റവും വലിയ നഗരമായ ഗോമ കീഴടക്കിയതോടെ മനുഷ്യാവകാശ ലംഘനങ്ങള്‍ വ്യാപകമായെന്ന് യുഎന്‍ റിപ്പോർട്ടുചെയ്യുന്നു. വിമതനീക്കം ആരംഭിച്ച് ഒരാഴ്ച കാലയളവില്‍, 700 പേർ സംഘർഷങ്ങളില്‍ കൊല്ലപ്പെടുകയും 3,000 ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനുവരി 26 നും 28 നും ഇടയിൽ മാത്രം 12 പേരെയെങ്കിലും എം23 വധശിക്ഷയ്ക്ക് വിധേയരാക്കിയെന്നും യുഎന്‍ റിപ്പോർട്ട് പറയുന്നു.