ഹിറ്റ്ലറും മുസോളിനീയും ഒക്കെയാണ് ഫാസിസ്റ്റ് സർക്കാരുകൾ നയിച്ചിരുന്നതെന്നും എ. വിജയരാഘവൻ പറഞ്ഞു
നരേന്ദ്രമോദി സർക്കാർ ഫാസിസ്റ്റ് സർക്കാരല്ലെന്ന സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തിൽ നിലപാട് വ്യക്തമാക്കി എ. വിജയരാഘവൻ. കേന്ദ്രസർക്കാർ ഫാസിസ്റ്റ് സർക്കാർ എന്ന് സിപിഎം ഒരിക്കലും പറഞ്ഞിട്ടില്ല. നിയോ ഫാസിസ്റ്റ് സർക്കാർ എന്നാണ് നിലപാട്. ഹിറ്റ്ലറും മുസോളിനീയും ഒക്കെയാണ് ഫാസിസ്റ്റ് സർക്കാരുകൾ നയിച്ചിരുന്നതെന്നും എ. വിജയരാഘവൻ പറഞ്ഞു.
ഇപ്പോളത്തെ കേന്ദ്ര സർക്കാരിന് നിയോ ഫാസിസ്റ്റ് നിലപാടാണുള്ളത്. കൃത്യമായി വിശകലനം ചെയ്താണ് ഈ നിലപാട് എടുത്തത്. ഈ കാര്യത്തിൽ സിപിഐക്ക് അവരുടേതായ രീതിയിൽ വിശകലനം നടത്താൻ ഉള്ള അവകാശമുണ്ട്. അതിൽ പ്രതികരിക്കേണ്ടതില്ലെന്നും എ. വിജയരാഘവൻ പറഞ്ഞു.
ALSO READ: ഫാസിസത്തെപ്പറ്റി സിപിഎമ്മിന് കൃത്യമായ ധാരണയുണ്ട്; നിലവിലുള്ളത് നിയോ ഫാസിസം: എം.വി. ഗോവിന്ദൻ
ബിജെപി ഈ നിലപാടിനെ സ്വാഗതം ചെയ്തത് അവർക്ക് കാര്യങ്ങൾ മനസ്സിലാവാത്തത് കൊണ്ട്. രമേശ് ചെന്നിത്തല എതിർക്കുന്നത് വിവരമില്ലായ്മ കൊണ്ടാണെന്നും വിജയരാഘവൻ പറഞ്ഞു. മോദി സർക്കാരിനോടുള്ള നയസമീപനങ്ങളിൽ മയപ്പെടുത്തൽ ഉണ്ടാകില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.
സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തെത്തിയിരുന്നു. ഫാസിസത്തെപ്പറ്റി സിപിഎമ്മിന് കൃത്യമായ ധാരണയുണ്ട്. ലോകത്ത് പുതിയ ഒരു രീതി ഉയർന്ന് വരികയാണ്. അത് നിയോ ഫാസിസമാണ്. ആർഎസ്എസ് ഫാസിസ്റ്റ് സംഘടനയാണ്. ആർഎസ്എസിനാൽ നയിക്കപ്പെടുന്ന ബിജെപി തന്നെയാണ് ഇന്ത്യയിൽ ഏറ്റവും പ്രധാന ശത്രുവെന്നുമാണ് എം.വി. ഗോവിന്ദൻ പറഞ്ഞത്.