fbwpx
പ്രായമായ പിതാവിനെ അധിക്ഷേപിച്ച് വോട്ട് ചോദിക്കുന്നു; ബിജെപി നേതാവിനുള്ള മറുപടിയില്‍ വിതുമ്പി അതിഷി മര്‍ലേന
logo

ന്യൂസ് ഡെസ്ക്

Last Updated : 07 Jan, 2025 10:25 AM

തന്റെ പിതാവിനെ അപമാനിക്കുകയാണ് ബിജെപി നേതാവ് ചെയ്യുന്നതെന്ന് അതിഷി പറഞ്ഞു.

NATIONAL


ബിജെപി നേതാവും കല്‍ക്കാജി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ രമേശ് ബിധുരിയുടെ അധിക്ഷേപ പരാമര്‍ശത്തിന് മറുപടി നല്‍കവേ വാര്‍ത്താസമ്മേളനത്തില്‍ വിതുമ്പി ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേന. തെരഞ്ഞെടുപ്പ് മത്സരത്തിനിടെ തന്റെ പിതാവിനെ അപമാനിക്കുകയാണ് ബിജെപി നേതാവ് ചെയ്യുന്നതെന്ന് അതിഷി പറഞ്ഞു.

'എന്റെ പിതാവ് അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം ഒരു അധ്യാപകനായി കഴിഞ്ഞ വ്യക്തിയാണ്. ആരുടെയും സഹായമില്ലാതെ അദ്ദേഹത്തിന് ഒന്ന് നടക്കാന്‍ കൂടി കഴിയില്ല,' വിതുമ്പിക്കൊണ്ട് അതിഷി പറഞ്ഞു.

'തെരഞ്ഞെടുപ്പിന് വേണ്ടി ബിജെപി നേതാവ് തരംതാഴ്ന്നു. ഒരു പ്രായമായ മനുഷ്യനെ അപമാനിക്കുകയാണ്. ഈ രാജ്യത്തിന്റെ രാഷ്ട്രീയം ഇത്രയും തരംതാഴുമോ? ഇത് എനിക്ക് വിശ്വസിക്കാനാവുന്നില്ല. എന്റെ പ്രായമായ പിതാവിനെ അധിക്ഷേപിച്ചു കൊണ്ട് അയാള്‍ വോട്ടു ചോദിക്കുകയാണ്,' മുഖ്യമന്ത്രി പറഞ്ഞു.


ALSO READ: ആദ്യം മർലേന, ഇപ്പോൾ സിംഗ്; "അച്ഛനെ മാറ്റുന്നത് എഎപിയുടെ സ്വഭാവം" അധിക്ഷേപവുമായി ബിജെപി നേതാവ്


അതിഷി മര്‍ലേന തന്റെ പിതാവിനെ മാറ്റിയെന്നായിരുന്നു രമേശ് ബിധുരിയുടെ ആരോപണം. ആദ്യം മര്‍ലേനയെന്നും പിന്നീട് സിങ് ആയി എന്നും പറഞ്ഞു കൊണ്ട് അവര്‍ പിതാവിനെ മാറ്റിയെന്നും, ആംആദ്മി പാര്‍ട്ടിയുടെ സ്വഭാവത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നുമായിരുന്നു രമേഷ് ബിധുരിയുടെ അധിക്ഷേപം. 'നമ്മുടെ ധീരയായ നിരവധി സൈനികരുടെ മരണത്തിന് ഉത്തരവാദിയായ ഭീകരന്‍ അഫ്സല്‍ ഗുരുവിന്റെ വധശിക്ഷയ്‌ക്കെതിരെ ദയാഹര്‍ജിയുമായി കോടതിയെ സമീപിച്ചവരാണ് അതിഷിയുടെ കുടുംബം. ഗുരുവിന്റെ വധശിക്ഷയ്‌ക്കെതിരെ കോടതിയെ സമീപിച്ചവരെ പിന്തുണയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്നും രമേശ് ബിധുരി ചോദിച്ചു.

കഴിഞ്ഞ ദിവസം പ്രിയങ്കാ ഗാന്ധി എം.പിക്കെതിരെയും ബിജെപി നേതാവ് അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഡല്‍ഹിയിലെ റോഡുകള്‍ പ്രിയങ്ക ഗാന്ധിയുടെ കവിളുകള്‍ പോലെ മിനുസമുള്ളതാക്കുമെന്നായിരുന്നു ബിധുരിയുടെ പരിഹാസം. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ നേതാവിന്റെ വൃത്തികെട്ട മാനസികാവസ്ഥയാണ് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. 'പ്രിയങ്ക ഗാന്ധിയെക്കുറിച്ചുള്ള രമേശ് ബിധുരിയുടെ പ്രസ്താവന ലജ്ജാകരം മാത്രമല്ല, സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ വെറുപ്പുളവാക്കുന്ന മാനസികാവസ്ഥയും പ്രകടമാക്കുന്നു എന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി.

Also Read
user
Share This

Popular

KERALA
NATIONAL
അവള്‍ക്കൊപ്പം; ഹണിറോസിന് പിന്തുണയുമായി ഡബ്ല്യുസിസി