എൽഡിഎഫ് മുഖ്യമന്ത്രിക്കൊപ്പമായിരിക്കുമെന്നും മുന്നണിയുടെ മുൻനിര പങ്കാളിയാണ് സിപിഐ എന്നും ബിനോയ് വിശ്വം പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുമായി ഒരു തർക്കവുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. താനും ശിവൻകുട്ടിയും പറഞ്ഞത് ഒരേ കാര്യമാണെന്നായിരുന്നു ബിനോയ് വിശ്വത്തിൻ്റെ പ്രസ്താവന. എൽഡിഎഫ് മുഖ്യമന്ത്രിക്കൊപ്പമായിരിക്കുമെന്നും മുന്നണിയുടെ മുൻനിര പങ്കാളിയാണ് സിപിഐ എന്നും ബിനോയ് വിശ്വം പറഞ്ഞു.
മാസപ്പടിക്കേസിൽ ബിനോയ് വിശ്വം ഉത്കണ്ഠപ്പെടേണ്ട കാര്യമില്ലെന്നായിരുന്നു വി. ശിവന്‍കുട്ടി നേരത്തെ പറഞ്ഞത്. എന്നാൽ വിഷയത്തിൽ തനിക്ക് ഉത്കണ്ഠപ്പെടേണ്ട ഒരു കാര്യവുമില്ലെന്ന് ശിവൻകുട്ടി പറഞ്ഞു. രാഷ്ട്രീയപരമായി അക്രമിക്കാൻ ആരു വന്നാലും രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
അതേസമയം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിലപാട് തിരുത്തിയത് പാര്‍ട്ടി തീരുമാനം മൂലമാണെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ മകളുടെ കേസ് എല്‍ഡിഎഫിന്‍റെ കേസ് അല്ലെന്നാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്ന പുതിയ നിലപാട്. എക്സാലോജിക്കിന്‍റെ പേരില്‍ മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ സമ്മതിക്കില്ലെന്ന് ബിനോയ് വിശ്വം മുമ്പ് നിലപാട് എടുത്തിരുന്നു. അഞ്ചാം തീയതിലെ തൃശൂര്‍ കണ്‍വെന്‍ഷിലാണ് അദ്ദേഹം നിലപാട് പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രിയുടെ കുടുംബത്തെ സംരക്ഷിച്ചുള്ള നിലപാട് സംസ്ഥാന സമിതിയില്‍ എതിര്‍പ്പിന് കാരണമായി. പാർട്ടിയില്‍ ആലോചിക്കാതെ ഈ നിലപാട് എടുത്തത് എന്തിനെന്ന് ചോദ്യങ്ങള്‍ ഉയർന്നു. സംസ്ഥാന സമിതിക്ക് ശേഷമാണ് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമം ഉണ്ടായാല്‍ മാത്രം എല്‍ഡിഎഫ് പ്രതിരോധിക്കും എന്ന പുതിയ നിലപാട് വാർത്താ സമ്മേളനത്തില്‍ ബിനോയ് വിശ്വം പ്രഖ്യാപിച്ചത്.