fbwpx
ലോകനേതാക്കളുടെ കട്ടൗട്ടുകൾ പുഴയിൽ മുക്കി ബ്രസീൽ ഗോത്രവർഗക്കാർ; പ്രതിഷേധം കാലാവസ്ഥ നയത്തിനെതിരെ
logo

ന്യൂസ് ഡെസ്ക്

Posted : 17 Nov, 2024 03:02 PM

നരേന്ദ്ര മോദി, ജോ ബൈഡൻ, വ്ളാഡിമർ പുടിൻ തുടങ്ങിയ ജി20 നേതാക്കളുടെ കട്ടൗട്ടുകൾ ബ്രസീലിലെ ബോട്ടഫോഗോ നദിയിൽ താഴ്ത്തിയാണ് തദ്ദേശീയർ പ്രതിഷേധിച്ചത്

WORLD


ജി20 ഉച്ചകോടിക്ക് മുന്നോടിയായി ലോകനേതാക്കൾക്കെതിരെ പ്രതിഷേധവുമായി ബ്രസീലിലെ ഗോത്രവർഗക്കാർ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ, റഷ്യൻ പ്രധാനമന്ത്രി വ്ളാഡിമർ പുടിൻ തുടങ്ങിയ ജി20 നേതാക്കളുടെ കട്ടൗട്ടുകൾ ബ്രസീലിലെ ബോട്ടഫോഗോ നദിയിൽ താഴ്ത്തിയാണ് തദ്ദേശീയർ പ്രതിഷേധിച്ചത്. കാലാവസ്ഥ പ്രതിസന്ധിയിൽ ലോകനേതാക്കൾ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ ആക്ഷേപം.

നാളെ ബ്രസീലിൽ ജി20 ഉച്ചകോടി ആരംഭിക്കുന്ന സാഹചര്യത്തിലാണ്, നിലവിലെ കാലാവസ്ഥ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രതിഷേധവുമായി ഗോത്രവർഗക്കാർ രംഗത്തെത്തിയത്. ലോകത്തിലെ വലിയ സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളുടെ തലവൻമാരായ ജോ ബൈഡൻ, ഷി ജിൻ പിങ്, വ്ളാഡിമർ പുടിൻ തുടങ്ങിയവരുടെ കട്ടൗട്ടുകൾ പ്രതിഷേധക്കാർ ബോട്ടഫോഗോ നദിയിൽ താഴ്ത്തി. ബ്രസീലിലെ ഗോത്രവർഗക്കാരുടെ ഭൂമിയിൽ നിയമപരമായ അതിർത്തി നിർണയിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ഭൂമിയുടെ താപനില ഉയരുന്നത് നിയന്ത്രിക്കാനും കാർബൺ ഡൈ ഓക്സൈഡിൻ്റെ ബഹിർഗമനം കുറയ്ക്കാനും തങ്ങളുടെ നിർദേശങ്ങൾ കേൾക്കണമെന്നാണ് തദ്ദേശീയരുടെ വാദം. 'ഞങ്ങളാണ് ഉത്തരം'(We Are the Answer) എന്ന ബോർഡുകളുമായാണ് തദ്ദേശീയർ പ്രതിഷേധത്തിന് ഒത്തുചേർന്നത്. ജി20 സമ്മേളനത്തിന് മുന്നോടിയായി ബ്രസീലിൽ നിരവധി പ്രതിഷേധങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അതിനാൽ മേഖലയിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ് ബ്രസീലിലെ അധികൃതർ.

ALSO READ: "COP29 നയങ്ങൾ കാലാവസ്ഥ മാറ്റത്തിനെ പ്രതിരോധിക്കാൻ ഉതകുന്നില്ല"; ഐക്യരാഷ്ട്ര സഭയ്ക്ക് കത്തയച്ച് മുൻ ഉദ്യോഗസ്ഥർ

കാർബൺ പുറത്തുവിടുന്നതിൽ ഉൾപ്പടെ കാലാവസ്ഥ പ്രതിസന്ധിക്ക് വഴിവെക്കുന്ന വികസിത രാജ്യങ്ങൾ, മറ്റ് രാജ്യങ്ങൾക്ക് നൽകേണ്ട തുകയെ സംബന്ധിച്ചുള്ള ചർച്ചകൾ കോപ് സമ്മേളനത്തിൽ പുരോഗമിക്കവെയാണ് തദ്ദേശീയരുടെ ഈ പ്രതിഷേധം.

എന്നാൽ ഐക്യരാഷ്ട്ര സഭയുടെ കോപ് സമ്മേളനത്തിലെ ചർച്ചകൾ കാലാവസ്ഥ മാറ്റത്തിനെ ചെറുക്കാൻ ഫലപ്രദമല്ലെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു. നയങ്ങളിൽ അടിയന്തര നവീകരണം ആവശ്യപ്പെട്ട് മുൻ യുഎൻ ഉദ്യോഗസ്ഥർ ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചു. ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗത്തിൽ നിന്ന് പിന്മാറാൻ രാജ്യങ്ങൾ തയ്യാറാകുന്നില്ലെന്നും കത്തിൽ വിമർശനമുണ്ടായിരുന്നു.

ALSO READ: അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ത്യക്കാർ ഏറ്റവുമധികം ഗൂഗിളിൽ തിരഞ്ഞതെന്ത്?

മുൻ യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ, മുൻ യുഎൻ കാലാവസ്ഥാ മേധാവി ക്രിസ്റ്റ്യാന ഫിഗറസ്, അയർലൻഡ് മുൻ പ്രസിഡൻ്റ് മേരി റോബിൻസൺ എന്നിവരുൾപ്പെടുന്ന ഒരു കൂട്ടം ആളുകളാണ് യുഎന്നിന് കത്തയച്ചത്. അന്തരീക്ഷ താപനില വർധിക്കുന്നതിന് പ്രധാന കാരണമായ ഫോസിൽ ഇന്ധനങ്ങളുടെ ഖനനത്തിൽ നിന്നും ഉപഭോഗത്തിൽ നിന്നും പിന്നോട്ട് പോകാൻ ചില ലോകരാജ്യങ്ങൾ തയ്യാറാകുന്നില്ലെന്നാണ് മുൻ യുഎൻ ഉദ്യോഗസ്ഥരുടെ പ്രധാന വിമർശനം. ഈ വർഷത്തെ കാലാവസ്ഥാ സമ്മേളനത്തിന് ആതിഥേയരായ അസർബൈജാൻ പ്രസിഡൻ്റ് ഇൽഹാം അലിയേവ് നടത്തിയ പ്രസ്താവന അടിവരയിട്ടാണ് ഐക്യരാഷ്ട്ര സഭയ്ക്ക് മുൻ ഉദ്യോഗസ്ഥർ കത്തയച്ചിരിക്കുന്നത്. നയങ്ങളിൽ അടിയന്തര നവീകരണം വേണമെന്നും ഇവർ കത്തിൽ ആവശ്യപ്പെടുന്നു.

ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കാനുള്ള ലക്ഷ്യത്തില്‍ നിന്ന് ലോകമിപ്പോഴും ഏറെ അകലെയെന്നായിരുന്നു കോപ് സമ്മേളനത്തിൽ ഉയർന്ന അഭിപ്രായം. കാർബൺ ബഹിർഗമനം കുറയ്ക്കുമെന്ന് ഒരു വർഷം മുമ്പ് ദുബായിൽ നടന്ന അന്താരാഷ്ട്ര കാലാവസ്ഥാ സമ്മേളനം പ്രതിജ്ഞയെടുത്തെങ്കിലും, നേർവിപരീതമാണ് ഒരു വർഷത്തിനിപ്പുറമുള്ള ഫലം. കാലാവസ്ഥാനിരീക്ഷണ റിപ്പോർട്ടായ ഗ്ലോബൽ കാർബൺ ബജറ്റ് അനുസരിച്ച്, 2024ല്‍ 0.8 ശതമാനം അധികം, ഏകദേശം 4 ദശലക്ഷം ടൺ കാർബണാണ് പുറന്തള്ളപ്പെടുക. 2.4 ശതമാനം അധികം വാതകവും, 0.9 ശതമാനം അധികം എണ്ണയും, 0.2 ശതമാനം അധികം കല്‍ക്കരിയുമാണ് ഈ വർഷം കത്തി കാർബൺ പുറന്തള്ളുക. ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസായി നിയന്ത്രിക്കുന്നതിനായി, 2030ഓടെ കാർബണ്‍ ബഹിർഗമനം 43 ശതമാനം കുറയ്ക്കണം, എന്നിരിക്കെയാണ് തിരിച്ചടി സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.




Also Read
user
Share This

Popular

WORLD
KERALA
WORLD
ട്രംപിന് വീണ്ടും തിരിച്ചടി; ജന്മാവകാശ പൗരത്വം നിർത്തലാക്കണമെന്ന ഉത്തരവ് തടഞ്ഞ് മേരിലാൻഡ് കോടതി