പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഇരുവരും ന്യൂസ് മലയാളത്തോട് പറഞ്ഞു
നെന്മാറ ഇരട്ടക്കൊലപാതക കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കളായ അഖിലയും അതുല്യയും. സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമെന്നും കേസിൽ വിചാരണ നടപടികൾ വേഗത്തിലാകുമെന്നും പ്രതീക്ഷിക്കുന്നതായി ഇരുവരും ന്യൂസ് മലയാളത്തോട് പറഞ്ഞു. നേരത്തെ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്ന ആവശ്യവുമായി സുധാകരൻ്റെ മക്കൾ രംഗത്തെത്തിയിരുന്നു.
പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ഇരുവരും ന്യൂസ് മലയാളത്തോട് പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ പൂർണ തൃപ്തരാണ്. എന്നാൽ കൊലപാതകത്തിന് ശേഷം നെന്മാറ എംഎൽഎ തിരിഞ്ഞു നോക്കിയില്ലെന്നും സുധാകരൻ്റെ മക്കൾ പറയുന്നു. പത്തു ദിവസം കഴിഞ്ഞ് കാണാമെന്ന് പറഞ്ഞതാണ്. വാഗ്ദാനമായി ലഭിച്ച ജോലിയും കിട്ടിയില്ലെന്നും സുധാകരന്റെ പെണ്‍മക്കൾ ന്യൂസ് മലയാളത്തോട് പറഞ്ഞു.
അതേസമയം, അന്വേഷണ സംഘം കേസിലെ കുറ്റപത്രം സമർപ്പിച്ചു. 480 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം ആലത്തൂര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ചെന്താമര സുധാകരന്റെ അമ്മ ലക്ഷ്മിയെ കൊലപ്പെടുത്തുന്നത് കണ്ടതായുള്ള ദൃക്‌സാക്ഷി മൊഴി കുറ്റപത്രത്തിലുണ്ട്. ഈ മൊഴിയാകും കേസില്‍ നിര്‍ണായകമാകുക.
ആകെ 132 സാക്ഷികളാണ് കേസിലുള്ളത്. മുപ്പതിലേറെ ശാസ്ത്രീയ തെളിവുകള്‍ പരിശോധിച്ചു. വ്യക്തിവിരോധവും കുടുംബത്തോടുള്ള പകയുമാണ് കൊലയ്ക്ക് കാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ചെന്താമര ഒറ്റയ്ക്കാണ് രണ്ട് കൊലപാതകങ്ങളും നടത്തിയത്. സുധാകരനെ കൊല്ലാന്‍ പദ്ധതിയിട്ടാണ് ചെന്താമര എത്തിയത്. അമ്മ ലക്ഷ്മി ബഹളം വെച്ചപ്പോള്‍ അവരേയും കൊലപ്പെടുത്തി.
കൊല്ലാന്‍ ഉപയോഗിച്ച കൊടുവാളില്‍ നിന്ന് കൊല്ലപ്പെട്ടവരുടെ ഡിഎന്‍എ കണ്ടെത്തിയിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കൊടുവാളിന്റെ പിടിയില്‍ നിന്ന് ചെന്താമരയുടേയും ഡിഎന്‍എ കണ്ടെത്തി. പ്രതിയുടെ ലുങ്കിയില്‍ സുധാകരന്റേയും ലക്ഷ്മിയുടേയും ഡിഎന്‍എയും കണ്ടെത്തിയിട്ടുണ്ട്.
ജനുവരി 27നാണ് നെന്മാറ പോത്തുണ്ടിയില്‍ അയല്‍വാസിയെയും അമ്മയെയും പ്രതി ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. പോത്തുണ്ടി സ്വദേശി സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയാണ് പ്രതി ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്.