നേരത്തെ അരവിന്ദ് കെജ്‌രിവാളിനെതിരെ മത്സരിച്ച് തോറ്റ സ്ഥാനാർഥിയാണ് അൽക്ക
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി നോതാവും മുഖ്യമന്ത്രിയുമായ അതിഷി മർലേനയ്ക്കെതിരെ അൽക്ക ലാംബയെ മത്സരിപ്പിക്കാൻ കോൺഗ്രസ്. സ്ഥാനാർഥിത്വം വ്യക്തമാക്കിക്കൊണ്ടുള്ള പ്രസ്താവന കോൺഗ്രസ് പുറത്തുവിട്ടു. അഖിലേന്ത്യ മഹിളാ കോൺഗ്രസ് അധ്യക്ഷയാണ് അൽക്കാ ലാംബ. 15 വർഷം തുടർച്ചയായി ഡൽഹി ഭരിച്ചിരുന്ന കോൺഗ്രസിന് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും മുന്നേറ്റം കാഴ്ച വെക്കാൻ സാധിച്ചിരുന്നില്ല.
കൽക്കാജി നിയോജകമണ്ഡലത്തിൽ നിന്നും മത്സരിക്കാൻ അൽക്ക ലാംബയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകാരം നൽകിയതായി കോൺഗ്രസ് പ്രസ്താവനയിൽ പറയുന്നു. നേരത്തെ അരവിന്ദ് കെജ്‌രിവാളിനെതിരെ മത്സരിച്ച് തോറ്റ സ്ഥാനാർഥിയാണ് അൽക്ക. കൽക്കാജിയിൽ മത്സരിക്കാൻ അൽക്കയ്ക്ക് താൽപര്യമില്ലായിരുന്നെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
1994-ൽ തൻ്റെ 19ാം വയസിലാണ് അൽക്ക ലാംബ കോൺഗ്രസിൻ്റെ നാഷണൽ സ്റ്റുഡൻ്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (NSUI) യിൽ ചേരുന്നത്. ഒരു വർഷത്തിന് ശേഷം, ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡൻ്റ്സ് യൂണിയൻ (DUSU) തെരഞ്ഞെടുപ്പിൽ അവർ വിജയിച്ചു.
49 കാരിയായ അൽക്ക, 2013ൽ കോൺഗ്രസ് വിട്ട് ആം ആദ്മി പാർട്ടിയിൽ ചേർന്നിരുന്നു. രണ്ട് വർഷത്തിന് ശേഷം, ചാന്ദ്‌നി ചൗക്ക് മണ്ഡലത്തിൽ നിന്ന് ഡൽഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ അവർ വിജയിച്ചു. ശേഷം 2019-ൽ അൽക്ക എഎപി വിട്ട് വീണ്ടും കോൺഗ്രസിലേക്ക് മടങ്ങി.
അതേസമയം തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പോര് ശക്തമാക്കിയിരിക്കുകയാണ് ബിജെപിയും എഎപിയും. ഡൽഹി സർവകലാശാലയുടെ കീഴിലുള്ള മൂന്ന് കോളേജുകളുടെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു നരേന്ദ്ര മോദി കെജ്‌രിവാളിനും എഎപിക്കുമെതിരെ രൂക്ഷ വിമർശനം നടത്തിയത്. കഴിഞ്ഞ 10 വർഷമായി ഡൽഹിയെ ഒരു ദുരന്തം പിടികൂടിയിരിക്കുന്നെന്നായിരുന്നു മോദിയുടെ പ്രസ്താവന. അതേ നാണയത്തിൽ തിരിച്ചടിച്ചുകൊണ്ട്, കഴിഞ്ഞ 10 വർഷത്തെ ഭരണത്തിൽ ബിജെപി സർക്കാർ സംസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു കെജ്‌രിവാളിൻ്റെ വിമർശനം.
ALSO READ: "കഴിഞ്ഞ 10 വർഷമായി ഡൽഹിയെ ഒരു ദുരന്തം പിടികൂടിയിരിക്കുന്നു"; എഎപിയെ കടന്നാക്രമിച്ച് മോദി
ബിജെപി ദരിദ്രരുടെ ശത്രുവാണെന്ന് കെജ്‍രിവാൾ ആരോപിച്ചു. ബിജെപി ഡൽഹിയിലെ ചേരികൾ തകർത്ത് ലക്ഷങ്ങളെ ഭവനരഹിതരാക്കി. ഇന്നത്തെ പ്രസംഗത്തിൽ പ്രധാനമന്ത്രി ഡൽഹിയിലെ ജനങ്ങളെ അപമാനിച്ചു. കഴിഞ്ഞ 10 വർഷങ്ങളായി എഎപി ഡൽഹി ഭരിക്കുന്നു, ഇത്രയും കാലം ചെയ്ത കാര്യങ്ങൾ വിവരിക്കാൻ 3 മണിക്കൂർ പോരെന്നും കെജ്‌രിവാൾ പറഞ്ഞു.
ഡൽഹിയിൽ ബിജെപിയുടെ നേട്ടങ്ങൾ എടുത്തുപറഞ്ഞ്, എഎപിക്കെതിരെ കടുത്ത വിമർശനമുയർത്തിക്കൊണ്ടായിരുന്നു നരേന്ദ്ര മോദിയുടെ പ്രസംഗം. ഡൽഹിയിൽ സൗജന്യ വൈദ്യുതി നൽകുന്നത് ബിജെപിയാണ്. പാവപ്പെട്ടവർക്കായി നാല് കോടിയിലധികം വീടുകളാണ് കേന്ദ്രം നിർമിച്ച് നല്‍കിയത്. എഎപി ഭരണത്തിലിരിക്കെ അരവിന്ദ് കെജ്‌രിവാൾ സ്വന്തമായി വീട് നിർമിച്ചെന്ന് പറഞ്ഞ മോദി, ബിജെപി വീട് നിർമിച്ചത് സ്വന്തം ആവശ്യങ്ങള്‍ക്കായല്ല ജനങ്ങള്‍ക്ക് വേണ്ടിയെന്നും പ്രസംഗിച്ചു.
ചേരിയില്‍ കഴിയുന്നവർക്ക് ഇന്നല്ലെങ്കിൽ നാളെ വീട് വെച്ച് നല്‍കുമെന്ന വാഗ്ദാനവും മോദി നടത്തി. വിക്ഷിത് ഭാരതിൻ്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നഗരങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കും. ഡല്‍ഹി നഗരം വികസിക്കുമെന്നും, 'വികസിത ഇന്ത്യയിൽ' രാജ്യത്തെ എല്ലാ പൗരന്മാർക്കും സുസ്ഥിരമായ കിടപ്പാടം ഉണ്ടാകുമെന്നും മോദി വാഗ്ദാനം ചെയ്തു.