ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
മുതിർന്ന കോൺഗ്രസ് നേതാവ് ഇ.വി.കെ.എസ്. ഇളങ്കോവൻ അന്തരിച്ചു. 73 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ഇളങ്കോവൻ കഴിഞ്ഞ രണ്ട് ആഴ്ചയായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ 40 വർഷമായി പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന ഇ.വി.കെ.എസ്. ഇളങ്കോവൻ, നിലവിൽ ഈറോഡ് ഈസ്റ്റിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. മുൻ കേന്ദ്രമന്ത്രിയും, തമിഴ്നാട് മുൻ കോൺഗ്രസ് അധ്യക്ഷനുമായിരുന്നു. മൻമോഹൻ സർക്കാരിൻ്റെ കീഴിൽ 2004 മുതൽ 2009 വരെ കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രിയായിരുന്നു.
സാമൂഹിക പരിഷ്കർത്താവ് പെരിയാർ രാമസാമിയുടെ സഹോദരന്റെ കൊച്ചുമകനായിരുന്നു ഇളങ്കോവൻ. ആദ്യമായി 1984ൽ സത്യമംഗലത്ത് നിന്നുമാണ് ഇളങ്കോവൻ തമിഴ്നാട് നിയമസഭയിലെത്തിയത്. എംഎൽഎ ആയിരുന്ന മകൻ തിരുമകൻ ഇവേര മരിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചാണ് ഇളങ്കോവൻ ഈറോഡ് ഈസ്റ്റിൽ നിന്നുള്ള എംഎൽഎയായത്.