ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന നാല് ഐഎഎഫ് ഉദ്യോഗസ്ഥരെയും രക്ഷപ്പെടുത്തി
വെള്ളപ്പൊക്കം തുടരുന്ന ബിഹാറിൽ ദുരിതാശ്വാസ സാമഗ്രികളുമായി എത്തിയ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തി. സാമഗ്രികൾ എയർ ഡ്രോപ് ചെയ്യവെയാണ് ഹെലികോപ്റ്റർ പെട്ടെന്ന് വെള്ളത്തിൽ ലാൻഡ് ചെയ്തത്. എഞ്ചിൻ തകരാറിലായതാണ് ലാൻഡ് ചെയ്യാൻ കാരണമെന്നാണ് റിപ്പോർട്ട്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന നാല് ഐഎഎഫ് ഉദ്യോഗസ്ഥരെയും രക്ഷപ്പെടുത്തി.
ഇന്ത്യൻ വ്യോമസേനയും കരസേനയും നാവികസേനയും ഉപയോഗിക്കുന്ന അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്)-ധ്രുവാണ് എഞ്ചിൻ തകരാറിന് പിന്നാലെ ലാൻഡ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സിതാമർഹിയിൽ നിന്ന് ഹെലികോപ്റ്റർ പറന്നുയർന്നത്. സാമഗ്രികൾ എയർഡ്രോപ് ചെയ്തതിന് പിന്നാലെ മുസാഫർപൂരിലെ ഔറായ് ഡിവിഷനിലെ നയാ ഗാവിൽ അടിയന്തര ലാൻഡിങ്ങ് നടത്തേണ്ടി വരികയായിരുന്നു. ഹെലികോപ്റ്ററിൻ്റെ ഒരു ഭാഗം വെള്ളത്തിൽ മുങ്ങിയിരുന്നു.
പൈലറ്റിൻ്റെ മനസാന്നിധ്യം കാരണമാണ് വൻ അപകടം ഒഴിവായതെന്ന് ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രത്യയ അമൃത് പറഞ്ഞു. ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ടീം രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.