അമേരിക്കയിലേക്ക് നിയമാനുസൃതമായി എങ്ങനെ കുടിയേറാം എന്ന ചോദ്യമാണ് നവംബർ 6ന് ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേർ ഗൂഗിളിനോട് ചോദിച്ചത്
കുടിയേറ്റ വിരുദ്ധത പടച്ചട്ടയാക്കിയ പോരാട്ടത്തിനൊടുവിലാണ് യുഎസ് തെരഞ്ഞെടുപ്പിൽ ഡൊണാള്‍ഡ് ട്രംപ് വിജയം നേടിയെടുത്തത്. ട്രംപ് ഭരണം പിടിച്ചതോടെ, അമേരിക്ക സ്വപ്നം കണ്ട ഇന്ത്യക്കാരൊക്കെ ആശങ്കയിലാണെന്നാണ് ഗൂഗിള്‍ പറയുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്ന നവംബർ 6ന്, ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഗൂഗിള്‍ സെർച്ചുകളുണ്ടായത് കുടിയേറ്റത്തെക്കുറിച്ചാണ്. അമേരിക്കയില്‍ നിന്ന് കാനഡയിലേക്കും ന്യൂസീലന്‍ഡിലേക്കുമെല്ലാം കുടിയേറാനുള്ള സാധ്യതകളെക്കുറിച്ചും ലക്ഷകണക്കിന് ആളുകൾ ഗൂഗിൾ ചെയ്തെന്നാണ് റിപ്പോർട്ട്.
ട്രംപിൻ്റെ റിപബ്ലിക്കന്‍ പാർട്ടിയുടെ നിലപാടനുസരിച്ച്, 'തൊഴില്‍ തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ട്' രാജ്യത്തേക്ക് വരുന്നവരും നുഴഞ്ഞുകയറ്റക്കാരുമാണ് അമേരിക്കയുടെ പ്രധാന ശത്രുക്കൾ. അതുകൊണ്ടുതന്നെ ട്രംപിന്‍റെ ഭരണകാലയളവ് കുടിയേറ്റത്തിന് പദ്ധതിയിടുന്നവർക്കും, താത്കാലിക വിസയില്‍ ഇപ്പോള്‍ യുഎസില്‍ തങ്ങുന്നവർക്കും ആശങ്കയുണ്ടാക്കുന്നതില്‍ അത്ഭുതമില്ല.
ALSO READ: "ട്രംപ് പ്രസിഡൻ്റാകുന്നതോടെ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കും": വൊളോഡിമിർ സെലൻസ്കി
അമേരിക്കയിലേക്ക് നിയമാനുസൃതമായി എങ്ങനെ കുടിയേറാം എന്ന ചോദ്യമാണ് നവംബർ 6ന് ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേർ ഗൂഗിളിനോട് ചോദിച്ചത്. കഴിഞ്ഞ ഭരണകാലത്ത് കുടിയേറ്റ ഇതര വിദഗ്ദ തൊഴിലിന് നല്‍കിവരുന്ന വിസാ ചട്ടം കടുപ്പിച്ച ട്രംപിനെ മുന്നില്‍കണ്ട് എച്ച്‌വൺബി വിസയെ കുറിച്ചും നിരവധിപേർ തിരഞ്ഞു. മുഖ്യഉപദേഷ്ടാവായി ട്രംപ് നിയോഗിച്ച കുടിയേറ്റ വിരുദ്ധനായ സ്റ്റീഫൻ മില്ലറുടെ പേരാണ് പിന്നീട് ഏറ്റവുമധികം സെർച്ച് ചെയ്യപ്പെട്ടത്.
അതേസമയം, അമേരിക്കയിലേക്ക് വിദ്യാഭ്യാസത്തിനും മറ്റുമായി താത്കാലിക വിസയില്‍ പോയവർ, എങ്ങനെ രാജ്യംവിടാമെന്നാണ് തിരഞ്ഞതെന്നും ഗൂഗിള്‍ സെർച്ച് ട്രെന്‍ഡുകള്‍ പറയുന്നു. ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാഹാരിസ് ഭൂരിപക്ഷം പിടിച്ച മെയ്‌ന്‍, വെർമോണ്ട്, ന്യൂ ഹാംഷയർ, ഒറിഗോൺ, മിനെസോട്ട സ്റ്റേറ്റുകളില്‍ നിന്നായിരുന്നു വലിയ വിഭാഗം ചോദ്യങ്ങളുമുയർന്നത്.'
അമേരിക്കയില്‍ നിന്ന് കുടിയേറാനെളുപ്പമുള്ള രാജ്യങ്ങളേതൊക്കെ, യുഎസില്‍ നിന്ന് അയർലന്‍ണ്ടിലേക്കും കാനഡയിലേക്കും ന്യൂസ്‌ലാന്‍ഡിലേക്കുമെല്ലാം കുടിയേറുന്നത് എങ്ങനെ... ഇങ്ങനെ നീളുന്നു ചോദ്യങ്ങള്‍. വരുന്ന ജനുവരിയില്‍ ട്രംപ് അധികാരത്തിലേറാനിരിക്കെ മുന്‍പൊന്നുമില്ലാത്ത വിധം, അമേരിക്കന്‍ സ്വപ്നത്തിന് തിരിച്ചടിയേറ്റെന്നും, കുടിയേറ്റക്കാർ രാജ്യം വിടാനുള്ള താത്പര്യം പ്രകടിപ്പിക്കുന്നു എന്നും വ്യക്തമാക്കുന്നതാണ് ഈ ട്രെന്‍ഡുകള്‍.