പരിശോധിച്ചു തെറ്റുകാരനാണെന്ന് കണ്ടാല്‍ ഏത് കൊമ്പനെതിരെയും നടപടി ഉണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.
വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ കത്ത് ലഭിച്ചതായി സ്ഥിരീകരിച്ച് കെ. സുധാകരന്‍. കത്ത് വായിച്ചിട്ടില്ല. നിലവില്‍ പുറത്തുവന്ന വിവരങ്ങള്‍ ഗൗരവതരം. പരിശോധിച്ചു തെറ്റുകാരനാണെന്ന് കണ്ടാല്‍ ഏത് കൊമ്പനെതിരെയും നടപടി ഉണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.
നേരത്തെ വിഷയം പരിശോധിച്ച കെപിസിസി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സഹകരണ സംഘങ്ങളിലെ ക്രമക്കേടുകള്‍ ഏത് പാര്‍ട്ടിക്കാര്‍ നടത്തിയാലും തെറ്റാണെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം ഡിസിസി ട്രഷററുടെ കത്ത് ആത്മഹത്യാ കുറിപ്പാണോ എന്നാര്‍ക്കറിയാം എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. വിഷയത്തില്‍ സിപിഎം രാഷ്ട്രീയം കളിക്കുന്നു. ഐ.സി. ബാലകൃഷ്ണന്‍ സത്യസന്ധനായ നേതാവാണെന്നും കോണ്‍ഗ്രസിനെ കരിവാരി തേക്കാനുള്ള സിപിഎം ശ്രമമാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
വയനാട് ഡിസിസി ട്രഷററര്‍ എന്‍.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പ് ഇന്നാണ് പുറത്തുവന്നത്. നാല് കത്തുകള്‍ ആണ് വിജയന്റേതായി ലഭിച്ചത്. വയനാട് ഡിസിസി അധ്യക്ഷന്‍ എന്‍.ഡി. അപ്പച്ചനും ഡിസിസി പ്രസിഡന്റും എംഎല്‍എയുമായ ഐ.സി. ബാലകൃഷ്ണനും പണം വാങ്ങാന്‍ ഇടപ്പെട്ടുവെന്നും കെപിസിസി നേതൃത്വത്തിന് എല്ലാം അറിയാമെന്നുമാണ് കത്തുകളില്‍. സഹകരണ ബാങ്ക് നിയമനത്തിനായി ഐ.സി. ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരം ഏഴ് ലക്ഷം രൂപ വാങ്ങി നല്‍കി. രണ്ട് ലക്ഷം രൂപ ഐ.സി. തിരികെ നല്‍കി. ബാക്കി അഞ്ച് ലക്ഷം രൂപ തന്റെ ബാധ്യതയായിയെന്നുമാണ് വിജയന്‍ കത്തില്‍ എഴുതിയിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനും രാഹുല്‍ഗാന്ധി എംപിക്കും പ്രിയങ്ക ഗാന്ധി എംപിക്കുമായാണ് കത്തെഴുതിയിരിക്കുന്നത്.
വിഷം അകത്ത് ചെന്ന് ചികിത്സയിലായിരിക്കെയാണ് വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനും, മകന്‍ ജിജേഷും മരിച്ചത്. ഏറെക്കാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു വിജയന്‍. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. മകന് വിഷം കൊടുത്തശേഷം വിജയനും വിഷം കഴിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.