fbwpx
ഏത് വൈബ്... തന്ത വൈബ്; വരയിലൂടെ ചിരിച്ചും ചിന്തിപ്പിച്ചും കുട്ടി കാര്‍ട്ടൂണിസ്റ്റുകള്‍
logo

എസ് ഷാനവാസ്

Last Updated : 06 Jan, 2025 07:58 PM

ചിരിക്കാനും ചിന്തിക്കാനുമുള്ള മുഹൂര്‍ത്തങ്ങള്‍ പേപ്പറില്‍ കോറിയിട്ട് അവര്‍ തന്ത വൈബിനെ ആവോളം തൂക്കിയടിച്ചിട്ടുണ്ട്.

KERALA


"നിന്റെയൊക്കെ പ്രായത്തില്‍ ഞാനൊക്കെ..." ആരെങ്കിലും ഇങ്ങനെയാണ് പറഞ്ഞു തുടങ്ങുന്നതെങ്കില്‍ പുതിയ തലമുറ ഉടന്‍ പറയും. "ഒന്ന് നിര്‍ത്താമോ... വെറുതെ തന്ത വൈബ്..." സംഗതി ക്ലിക്കായില്ലേ. പുതുതലമുറയിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം, ഇത്തരം അനുഭവംപറച്ചിലും ഉപദേശവുമൊക്കെ തന്ത വൈബാണ്. 2K കിഡ്സ് തങ്ങള്‍ക്ക് മുന്‍പുള്ള തലമുറയെ അങ്ങനെയേ കരുതിയിട്ടുള്ളൂ. അത് തന്നെയാണ് ഇക്കുറി സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എച്ച്എസ്എസ് വിഭാഗം കാര്‍ട്ടൂണിന് വിഷയമായതും. ചിരിക്കാനും ചിന്തിക്കാനുമുള്ള മുഹൂര്‍ത്തങ്ങള്‍ പേപ്പറില്‍ കോറിയിട്ട് അവര്‍ തന്ത വൈബിനെ ആവോളം തൂക്കിയടിച്ചിട്ടുണ്ട്.

ABHIRAMI K V, Class: 11, G. H. S. S. Pallikera, Kasaragod


"അവന്റെ പ്രായത്തില്‍ ഞാന്‍..." എന്ന പറച്ചിലിന്, "ഇതിപ്പോള്‍ എത്ര തവണയാണ് കേള്‍ക്കുന്നതെന്ന്" പരിതപിക്കുന്ന മക്കളെ കാര്‍ട്ടൂണില്‍ കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, മന്ത്രി ശിവന്‍ കുട്ടിയും, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും, രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയുമെല്ലാം തന്ത വൈബ് ടോണിലാണ് കാര്‍ട്ടൂണില്‍ നിറഞ്ഞുനില്‍ക്കുന്നത്.


AKHILRAJ K, Class: 11, S. S. M. H. S. S. Theyyalingal, Malappuram

പഴയകാലത്തെ സൂപ്പര്‍ ഹിറ്റ് പാട്ടൊക്കെയായിരിക്കാം, ഇപ്പോഴും അത് മാത്രമാണ് കേള്‍ക്കുന്നതെങ്കിലും ആ വൈബ് തന്ത വൈബ് ആണ്. ഇപ്പോഴും പഴയ ഡ്രസ് കോഡില്‍, കാര്യ ഗൗരവത്തോടെ മാത്രം സംസാരിക്കുന്ന കൂട്ടുകാരനും തന്ത വൈബ് തന്നെയാണ്. ഇനിയിപ്പോ നന്നായാലും പറയും തന്ത വൈബ്... നിങ്ങള്‍ തെറ്റ് കണ്ടാല്‍ എതിര്‍ക്കുന്നവരാണോ? എന്നാല്‍ നിങ്ങള്‍ തന്ത വൈബിന്റെ വഴിയിലാണ്... ശുഭദിനം.

FATHIMA FARZANA.S,Class: 11, P N M G H S S Koonthalloor, Thiruvananthapuram


തന്ത വൈബ് ചീത്തപ്പേര് ഇല്ലാതാക്കാന്‍ വൈബ് തന്തയാകാന്‍ നടത്തുന്ന ശ്രമങ്ങളും ചിരിക്കാഴ്ചയായി വരുന്നുണ്ട്. മക്കള്‍ക്കൊപ്പം ഫ്രീക്കായി നടക്കാന്‍ കൊതിക്കുന്ന, ശ്രമിക്കുന്ന മാതാപിതാക്കളാണ് അവിടെ വിഷയം. മക്കളുടെ ഡ്രസ് കോഡ് അനുകരിക്കുന്നവരും, അവരുടെ ന്യൂജെന്‍ ബൈക്കുമായി കറങ്ങാന്‍ പോകുന്നവരും അതിലുണ്ട്.


SREEHARI KRISHNAN, Class: 11, 30071 - St.Thomas EMHSS Attappallam, Idukki


പുതുതലമുറയിലെ സുന്ദരിമാരെ ഭക്തയാക്കാന്‍ ഡിജെയുമായി പുല്ലാങ്കുഴലേന്തിയ കൃഷ്ണന്‍ വന്നാലോ? 2025ലേക്ക് ഓടിയെത്താന്‍ ബദ്ധപ്പെടുന്ന 80, 90 തലമുറകളെയും പുതിയ കുട്ടികള്‍ വരയില്‍ ആവിഷ്കരിച്ചിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും, അന്നുമിന്നും വൈബ് മാറാത്തവരുമുണ്ട് നമുക്കിടെ. മറ്റാരുമല്ല, അത് നമ്മുടെ രാഷ്ട്രീയ നേതാക്കളാണ്. മുഖ്യമന്ത്രി പിണറായി വിജയനെയും പ്രധാനമന്ത്രി മോദിയെയും നോക്കി... ഈ വൈബ് ഒരിക്കലും മാറില്ലെന്നാണ് അവരുടെ അഭിപ്രായം.


VASUDEV K V, Class: 12, CHAPPARAPADAVU HIGH SCHOOL, Kannur

ആകെ മൊത്തം ടോട്ടല്‍ നോക്കിയാല്‍, ഇവര്‍ക്കൊക്കെ മോഡേണ്‍ ആയിക്കൂടേ എന്നൊരു ചോദ്യമാണ് ഈ കാര്‍ട്ടൂണുകളിലൂടെ പുതിയ തലമുറ ചോദിക്കുന്നത്. ഇതൊക്കെ കാണുമ്പോള്‍, കാര്യം ഇല്ലാതില്ല എന്നൊരു ചിന്ത പൊട്ടിമുളയ്ക്കുന്നിടത്താണ് ഈ കൗമാര കാര്‍ട്ടൂണിസ്റ്റുകളുടെ വിജയം.


കടപ്പാട് : സ്കൂള്‍ വിക്കി | SSK:2024-25/കാർട്ടൂൺ HSS General/A ഗ്രേഡ്

NATIONAL
ഐഎസ്ആര്‍ഒ തലപ്പത്തേക്ക് വീണ്ടും മലയാളി; ഡോ. വി. നാരായണന്‍ ചെയര്‍മാനാകും
Also Read
user
Share This

Popular

KERALA
NATIONAL
അവള്‍ക്കൊപ്പം; ഹണിറോസിന് പിന്തുണയുമായി ഡബ്ല്യുസിസി