നൈറ്റ് വിഷൻ ഡ്രോണുകൾ, വലകൾ, തോക്കുകൾ ഉൾപ്പടെയുള്ള സജ്ജീകരണങ്ങളുമായി വനംവകുപ്പിന്റെ 25 ടീമുകളാണ് ഈ മാസ് ദൗത്യത്തിൻ്റെ ഭാഗമായത്
ഉത്തർപ്രദേശിൽ ആറ് കുട്ടികളടക്കം ഏഴ് പേരുടെ ജീവനെടുത്ത കൊലയാളി ചെന്നായയെ വനംവകുപ്പ് പിടികൂടി. 72 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് വിജയകരമായി ദൗത്യം പൂർത്തിയാക്കിയത്. നൈറ്റ് വിഷൻ ഡ്രോണുകൾ, വലകൾ, തോക്കുകൾ ഉൾപ്പടെയുള്ള സജ്ജീകരണങ്ങളുമായി വനംവകുപ്പിന്റെ 25 ടീമുകളാണ് ഈ മാസ് ദൗത്യത്തിൻ്റെ ഭാഗമായത്.
ലഖ്‌നൗവിനടുത്ത് ബഹ്‌റൈച്ചിലെ സിസിയ ഗ്രാമത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി ഭീതി പരത്തുകയായിരുന്നു ചെന്നായ്ക്കൾ. 47 ദിവസത്തിനിടെ ബഹ്‌റൈച്ചിൽ ആറ് കുട്ടികളടക്കം ഏഴ് പേരെയാണ് ചെന്നായ്ക്കൾ കൊന്നൊടുക്കിയത്. 22 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതോടെ ചെന്നായ ഭീഷണി വലിയ പ്രശ്നമായി മാറി. സർക്കാരും പൊലീസും ചെന്നായയെ കണ്ടെത്താനിറങ്ങി. സിസിയ മേഖലയിലെ ഡ്രോൺ നിരീക്ഷണത്തിലാണ് കരിമ്പിൻ തോട്ടങ്ങളിൽ ആറ് ചെന്നായ്ക്കളുണ്ടെന്ന് കണ്ടെത്തിയത്. നാല് ചെന്നായ്ക്കളെ ഇതുവരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ശേഷിക്കുന്ന രണ്ടെണ്ണത്തിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് ഉദ്യോഗസസ്ഥർ പറഞ്ഞു. രണ്ട് തവണ കെണിയിൽ പെടാതെ ചെന്നായ്ക്കൾ രക്ഷപ്പെട്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ബാക്കിയുള്ളവയെ പിടികൂടാനായി ആടിനെ ഇരയാക്കി വെച്ച് ദൗത്യം പുരോഗമിക്കുകയാണ്.
READ MORE: ബ്രിജ് ഭൂഷണ് തിരിച്ചടി; നിയമ നടപടിയിൽ ഇളവ് നൽകാനുള്ള ഹർജി തള്ളി കോടതി
മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വനംമന്ത്രി അരുൺ കുമാർ സക്‌സേനയെ സംഭവസ്ഥലത്തേക്ക് അയച്ചിരുന്നു. തുടർന്ന് 48 മണിക്കൂർ തുടർച്ചയായി നടത്തിയ തെരച്ചിലിനൊടുവിൽ ബുധനാഴ്ച രാവിലെ 9:30 ഓടെ സിസിയ ഗ്രാമവാസിയുടെ കരിമ്പ് തോട്ടത്തിന് സമീപം ചെന്നായ്ക്കളെ കണ്ടതോടെയാണ് ദൗത്യത്തിൽ വഴിത്തിരിവായത്.
നാട്ടില്‍ ഭീതി പരത്തുന്ന ചെന്നായ്ക്കളെ മുഴുവന്‍ പിടികൂടാന്‍ ലക്ഷ്യമിട്ട് ബോളിവുഡ് ചിത്രം, ബേഡിയയെ ഓര്‍മ്മിപ്പിച്ച് 'ഓപ്പറേഷന്‍ ബേഡിയ' പ്രഖ്യാപിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ചെന്നായ്ക്കളെ പിടികൂടാന്‍ ഡ്രോണ്‍ ക്യാമറകളും തെര്‍മല്‍ ഡ്രോണ്‍ മാപ്പിംഗ് ടെക്‌നിക്കുകളും ഉപയോഗിക്കുന്നുണ്ടെന്ന് യു.പി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.