ദിവസം ഒരു തവണയെങ്കിലും പപ്പുവിന്റെ സിനിമകളിലെ ഏതെങ്കിലുമൊരു ഡയലോഗ് പറയാത്ത മലയാളികളുണ്ടാകില്ല
മലയാള സിനിമയിലെ അതുല്യ പ്രതിഭ കുതിര വട്ടം പപ്പു ഓര്‍മ്മയായിട്ട് 25 വര്‍ഷം. രണ്ടര പതിറ്റാണ്ടുകള്‍ക്കിപ്പുറവും മലയാളികളുടെ ഓര്‍മ്മകളില്‍ പപ്പുവിന്റെ സിനിമകള്‍ നിറഞ്ഞുനില്‍ക്കുന്നു. ദിവസം ഒരു തവണയെങ്കിലും പപ്പുവിന്റെ സിനിമകളിലെ ഏതെങ്കിലുമൊരു ഡയലോഗ് പറയാത്ത മലയാളികളുണ്ടാകില്ല. ഒരു കലാകാരനെ അനശ്വരനാകുന്നത് ഇങ്ങനെയും കൂടിയാണ്. അദ്ദേഹത്തിന്റെ ചിരിയോര്‍മ്മകള്‍ക്ക് പ്രണാമം.
'മൊയ്തീനേ... ആ ചെറ്യേ സ്പാനറിങ്ങെടുത്തേ...
ടാസ്‌കി വിളിയെടാ....
ദേ ഇപ്പ ശരിയാക്കിത്തരാ
പടച്ചോനേ... ഇങ്ങള് കാത്തോളീ....
ദാസപ്പോ, എന്നെ ശരിക്കൊന്ന് നോക്യേ...
ഡോണ്ട് വറീ...
നീ സുലൈമാനല്ല, ഹനുമാനാണ്
എന്താണ്... തമാശയാക്കാണ് ...?
അല്ല, ഇതാരാ വാര്യംപള്ളയിലെ മീനാക്ഷി അല്ല്യോ
അപ്പത്തനെ പിഡബ്ല്യൂഡി ഞമ്മളെ വിളിച്ച് ഒരവാര്‍ഡ് തന്ന് ...'
Also Read: ജതിന്‍ രാംദാസും എത്തി; ആരാകും എംപുരാനിലെ ആ മൂന്നാമന്‍ ?
സ്വതസിദ്ധമായ കോഴിക്കോടന്‍ ഭാഷശൈലിയും ശരീര ഭാഷ്യവും. പതിറ്റാണ്ടുകളോളം വെള്ളിത്തിരയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത മലയാളത്തിന്റെ സ്വന്തം പത്മദളാക്ഷന്‍ എന്ന കുതിരവട്ടം പപ്പു. മലയാളിയെ ഹൃദയം നിറഞ്ഞ് ചിരിക്കാനും ചിന്തിക്കാനും പ്രേരിപ്പിച്ച അതുല്യ നടന്‍ വിടവാങ്ങി 25 വര്‍ഷം പിന്നിടുമ്പോഴും അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഇന്നും ചിരി പടര്‍ത്തുകയാണ്.
നാടകത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹം സാധിക്കാതെ വന്നപ്പോള്‍ സ്വന്തം നാടകമെഴുതി അവതരിപ്പിച്ചാണ് പപ്പു അരങ്ങിലെത്തിയത്. കുപ്പയില്‍നിന്ന് സിനിമയിലേക്ക് എന്ന സ്വന്തം നാടകത്തില്‍ പപ്പു വേഷമിട്ടു. ഈ നാടകത്തിലെ അഭിനയം ശ്രദ്ധയില്‍പ്പെട്ട രാമു കാര്യാട്ടാണ് പപ്പുവിനെ വെള്ളിത്തിരയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുന്നത്. മൂടുപടം എന്ന ചിത്രത്തില്‍ വീട്ടുവേലക്കാരനായി അഭിനയിച്ച പപ്പുവിനെ ചലച്ചിത്ര ലോകം രണ്ടുകൈയും നീട്ടി സ്വീകരിച്ചു. പിന്നീട് ആയിരത്തി ഇരുനൂറോളം കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന്‍ പകര്‍ന്നു.
കുതിരവട്ടം പപ്പു എന്ന പേര് വന്നത്
ഭാര്‍ഗവിനിലയത്തിന്റെ ചിത്രികരണത്തിനിടെ സെറ്റില്‍വച്ചാണ് പപ്പുവിവിന്റെ പേരിനൊപ്പം കുതിരവട്ടം എന്ന സ്ഥലപ്പേര് ബേപ്പൂര്‍ സുല്‍ത്താന്‍ കൂട്ടിച്ചേര്‍ക്കുന്നത്.
മലയാളി ഉള്ള കാലത്തോളം മറക്കാത്ത നിരവധി ഡയലോഗുകള്‍ പപ്പുവിന്റെ സംഭവനയായി ഉണ്ട്. തനിക്കു ഹാസ്യം മാത്രമല്ല വഴങ്ങുന്നതെന്നു 'ദി കിങ്ങി'ലെ സ്വാതന്ത്ര സമര സേനാനിയായി അഭിനയിച്ച് പപ്പു തെളിയിച്ചു. ഷാജി കൈലാസ് സംവിധാനം ചെയ്ത 'നരസിംഹ'മായിരുന്നു അദ്ദേഹത്തിന്റെ അവസാനം ചിത്രം.