സംസ്ഥാനത്തെ സ്‌കൂളുകളിൽ റാഗിങ് വിരുദ്ധ സെല്ലുകൾ രൂപീകരിക്കുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി
സംസ്ഥാനത്തെ സ്‌കൂളുകളിൽ റാഗിങ് വിരുദ്ധ സെല്ലുകൾ രൂപീകരിക്കുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എങ്കിലും സമൂഹ നന്മയ്ക്ക് നിരക്കാത്ത സംഭവങ്ങൾ നടക്കുന്നുണ്ട്. ഇത് തടയാൻ കർശനമായ നടപടികൾ സ്വീകരിക്കുന്നതിന് ഒപ്പം ബോധവൽക്കരണ പ്രവർത്തനങ്ങളും അടിസ്ഥാന തല ഇടപെടലും നടത്തേണ്ടതുണ്ടെന്നും വി. ശിവൻകുട്ടി പറഞ്ഞു.
സ്‌കൂളുകളിൽ അച്ചടക്ക സമിതികൾ നിലവിലുണ്ട്. സ്കൂൾ കൗൺസലിങ് പദ്ധതിയും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പും നിലവിലുണ്ട്. എന്നാൽ റാഗിങ് പോലുള്ള സംഭവങ്ങളെ പൂർണമായി ഇല്ലാതാക്കാൻ ഇനിയും ആയിട്ടില്ല. അതുകൊണ്ട് ഒരോ വിദ്യാഭ്യാസ സ്ഥാപനത്തിലും റാഗിങ് വിരുദ്ധ സെല്ലുകൾ കൂടി കൊണ്ടുവരുന്ന കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
ALSO READ: ഇൻസ്റ്റഗ്രാം പോസ്റ്റിലെ അക്ഷരത്തെറ്റ് ചുണ്ടിക്കാണിച്ചു; കോട്ടയത്ത് പ്ലസ് ടു വിദ്യാർഥിക്ക് ക്രൂരമർദനം
ഇതിന്റെ ഘടന, പ്രവർത്തനം എന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു സമിതിയെ നിയോഗിക്കുന്ന കാര്യവും പരിഗണനയിൽ ആണ്. സ്കൂൾ തലത്തിൽ മാത്രമല്ല മുതിർന്ന ക്ലാസുകളിലും കോളേജിലുമൊക്കെ ചെല്ലുമ്പോൾ വിദ്യാർത്ഥികൾ സ്വീകരിക്കേണ്ട സമീപനം ചെറുപ്പത്തിൽ തന്നെ സ്വായത്തമാക്കാൻ റാഗിങ് വിരുദ്ധ സെല്ലിന്റെ പ്രവർത്തനത്തിലൂടെ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക വിദ്യാർഥി ബന്ധം ശക്തിപ്പെടുത്താനുള്ള നടപടിയും സ്വീകരിക്കും. കുട്ടികൾക്ക് അവർ അനുഭവിക്കുന്ന വിഷമതകൾ അധ്യാപകരോട് പറയാൻ ആകണം. അത് സഹനുഭൂതിയോടെ കേൾക്കാനും അതിന് അനുസരിച്ച് കൂട്ടായി പ്രവർത്തിക്കാനും അധ്യാപകർക്കും കഴിയണമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
അതേസമയം, സബ്ജക്ട് മിനിമം ഈ വർഷം മുതൽ എട്ടാം ക്ലാസിൽ നടപ്പിലാക്കുമെന്നും വി. ശിവൻകുട്ടി അറിയിച്ചു. എല്ലാ വിഷയത്തിലും മിനിമം മാർക്ക് വാങ്ങേണ്ടതായിട്ടുണ്ട്. ഏതെങ്കിലും വിദ്യാർഥിക്ക് മാർക്ക് കുറഞ്ഞാൽ ആ കുട്ടിക്ക് സമയം നൽകും. തുടർന്ന് വീണ്ടും പരീക്ഷ എഴുതിപ്പിച്ച് പാസ് ആകാൻ അവസരം നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ഒൻപത്, പത്ത് ക്ലാസുകളിൽ വരും വർഷങ്ങളിലാകും പദ്ധതി നടപ്പാക്കുക. വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ഗുണനിലവാര പദ്ധതി കൊണ്ടവരും. കുട്ടികളെ തോല്പിക്കുന്നത് ഇടത്തുപക്ഷ നയമല്ല. സ്‌കൂളുകളിൽ അച്ചടക്ക സമിതി സജീവമല്ല. അത് കാര്യക്ഷമമാക്കും. ബോധവത്കരണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് പ്രവൃത്തിക്കുന്ന 183 സ്കൂളുകൾക്ക് എൻഒസി ഇല്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അനുമതിയില്ലാത്ത സ്കൂളുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് നോട്ടീസ് നൽകുമെന്നും മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തുന്നത് ബാലപീഡനമായി കണക്കാക്കും. എസ്എസ്എൽസി പരീക്ഷ തുടങ്ങുന്നതിന് മുമ്പ് പ്ലസ് വൺ പ്രവേശനം നടക്കുന്നു. എറണാകുളത്ത് വിദ്യാർഥി ആത്മഹത്യ ചെയ്തത് ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും മന്ത്രി പറഞ്ഞു. ഖാദർ കമ്മറ്റി റിപ്പോർട്ടിലെ ശുപാർശകൾ അടുത്ത വിദ്യാഭ്യാസ വർഷത്തിന് മുമ്പായി നടപ്പാക്കുമെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.