വളർത്തുനായയുടെ ശരീര ഭാഗങ്ങളാണ് ബാഗിൽ എന്നാണ് സ്ത്രീകൾ ആദ്യം പൊലീസിനോട് പറഞ്ഞത്
കൊൽക്കത്തയിൽ ട്രോളി ബാഗിൽ മൃതദേഹവുമായി അമ്മയും മകളും പിടിയിൽ. കുമാർതുലി ഘട്ടിന് സമീപം ഹൂഗ്ലി നദിക്ക് സമീപത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്. ഹൂഗ്ലി നദിയിൽ മൃതദേഹം ഉപേക്ഷിക്കാൻ എത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്. ഫാൽഗുണി ഘോഷ്, അമ്മയായ ആരതി ഘോഷ് എന്നിവരാണ് മൃതദേഹവുമായി പിടിയിലായത്.
സ്ത്രീകൾ ഭാരമേറിയ ട്രോളി ബാഗ് വലിച്ചുകൊണ്ടുപോകുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. വളർത്തുനായയുടെ ശരീര ഭാഗങ്ങളാണ് ബാഗിൽ എന്നാണ് സ്ത്രീകൾ ആദ്യം പൊലീസിനോട് പറഞ്ഞത്. പെട്ടി തുറന്ന് പരിശോധിച്ചപ്പോൾ ഒരു സ്ത്രീയുടെ മൃതദേഹമാണെന്ന് തിരിച്ചറിയുകയായിരുന്നു. മൃതദേഹം ചെറിയ കഷ്ണങ്ങളായി മുറിച്ച നിലയിലായിരുന്നു. ആത്മഹത്യ ചെയ്ത ബന്ധുവിൻ്റെ മൃതദേഹമാണ് ഇതെന്നും പിന്നീട് ഇവർ പൊലീസിനോട് പറഞ്ഞു. ഇരുവരുടെയും ബന്ധുവിൻ്റേതാണ് മൃതദേഹം എന്നാണ് സൂചന.
ALSO READ: ബംഗാൾ ഉൾക്കടലിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി
പൊലീസ് ഉടൻ സ്ഥലത്തെത്തി രണ്ട് സ്ത്രീകളെയും കസ്റ്റഡിയിലെടുത്തു. ട്രോളി ബാഗുമായി സ്ത്രീകൾ ട്രെയിനിലാണ് ബരാസത് കാജിപ്പാര സ്റ്റേഷനിൽ നിന്നും സിയാൽദ സ്റ്റേഷനിലേക്കെത്തിയതെന്നാണ് പൊലീസിൻ്റെ നിഗമനം. അവിടെ നിന്നും ടാക്സിയിലാണ് മൃതദേഹം ഉപേക്ഷിക്കുന്നതിനായി ഇരുവരും ഘട്ടിലേക്ക് എത്തിയത്. കൂടുതൽ വിവരങ്ങൾ പൊലീസ് ചോദ്യം ചെയ്യലിൽ ലഭ്യമായേക്കും.