തൻ്റെ കാർ സുഹൃത്ത് ഓടിച്ച് അപകടമുണ്ടാക്കിയാൽ തന്നെയും പ്രതി ചേർക്കും. ചോദ്യപേപ്പർ ചോർച്ചയിൽ തന്നെ പ്രതി ചേർത്തതും അങ്ങനെ കണ്ടാൽ മതിയെന്നാണ് ഷുഹൈബിൻ്റെ പ്രതികരണം
എം എസ് സൊല്യൂഷൻസ് ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിൽ വിചിത്ര ന്യായീകരണവുമായി കമ്പനി സിഇഒ മുഹമ്മദ് ഷുഹൈബ്. തൻ്റെ കാർ സുഹൃത്ത് ഓടിച്ച് അപകടമുണ്ടാക്കിയാൽ തന്നെയും പ്രതി ചേർക്കും. ചോദ്യപേപ്പർ ചോർച്ചയിൽ തന്നെ പ്രതി ചേർത്തതും അങ്ങനെ കണ്ടാൽ മതിയെന്നാണ് ഷുഹൈബിൻ്റെ പ്രതികരണം. യൂട്യൂബ് ചാനലിലൂടെയാണ് മുഹമ്മദ് ഷുഹൈബിൻ്റെ പ്രതികരണം.
ALSO READ: നവീൻ ബാബുവിൻ്റെ മരണം: "സിബിഐ അന്വേഷണം വേണം", സുപ്രീം കോടതിയിൽ ഹർജി നൽകി ഭാര്യ മഞ്ജുഷ
മൂന്ന് മാസത്തിന് ശേഷമാണ് ഷുഹൈബ് വീണ്ടും വീഡിയോ ചെയ്യുന്നത്. ചോദ്യപേപ്പർ ചോർച്ച കേസിൽ ജാമ്യം കിട്ടിയതിനു പിറകെയാണ് പുതിയ വീഡിയോ ചെയ്തിട്ടുള്ളത്. വിദ്യാർഥികൾക്ക് ഒപ്പമാണ് എന്നും നിന്നിട്ടുള്ളത്. കുട്ടികളെ പോലെ അധ്യാപകർക്കും മൂല്യനിർണയം വേണമെന്ന് ആവശ്യപ്പെട്ടു മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇത് ചില അധ്യാപകർക്ക് തന്നോട് ശത്രുത ഉണ്ടാക്കിയെന്നാണ് ഷുഹൈബ് പറയുന്നു. ലഹരി മാഫിയക്ക് ചില സ്കൂളുകളുമായും ട്യൂഷൻ സെന്‍ററുകളുമായും അടുപ്പമുണ്ടെന്ന് പറഞ്ഞതും ശത്രുത വർദ്ധിപ്പിച്ചുവെന്ന് ഷുഹൈബ് വീഡിയോയിൽ പറയുന്നു.
മാർച്ച് 28നാണ് ചോദ്യപേപ്പർ ചോർച്ച കേസിൽ മുഖ്യപ്രതി എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ക്രിസ്മസ് അര്‍ധ വാര്‍ഷിക പരീക്ഷയില്‍ പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യ പേപ്പറുകളാണ് ചോര്‍ന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമായത്. എന്നാല്‍ ഈ ചോദ്യ പേപ്പര്‍ എങ്ങനെ യൂട്യൂബ് ചാനലിന് ലഭിച്ചു എന്നതില്‍ വ്യക്തതയില്ല. പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടിരുന്നു. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി കെ.കെ. മൊയ്തീന്‍കുട്ടിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.