സസ്‌പെൻഷൻ ഹിയറിങ്ങ് ലൈവ് സ്‌ട്രീം ചെയ്യണമെന്ന ആവശ്യം ആദ്യം അംഗീകരിച്ചിരുന്നുവെന്നാണ് പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെതിരെ വീണ്ടും എൻ. പ്രശാന്ത് ഐഎഎസ്. ഹിയറിങ്ങ് ലൈവ് സ്ട്രീമിങ്ങ് ആദ്യം അനുവദിച്ചിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ അത് മാറ്റിപ്പറഞ്ഞു. തീരുമാനം മാറിയതിന്റെ കാരണം അറിയിച്ചിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. നോട്ടീസ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്താണ് പ്രശാന്തിന്റെ ആരോപണം.
സസ്‌പെൻഷൻ ഹിയറിങ്ങ് ലൈവ് സ്‌ട്രീം ചെയ്യണമെന്ന ആവശ്യം ആദ്യം അംഗീകരിച്ചിരുന്നുവെന്നാണ് പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫെബ്രുവരി പത്തിന് നൽകിയ കത്തിൽ ലൈവ് സ്ട്രീമിങ്ങും റെക്കോർഡിങ്ങും മാത്രമാണ് ആവശ്യപ്പെട്ടത്. ഏപ്രിൽ നാലിന് നൽകിയ നോട്ടീസിൽ ഈ ആവശ്യം അംഗീകരിച്ചിരുന്നു. എന്നാൽ ഒരാഴ്ച കഴിഞ്ഞ് ആവശ്യം നിരാകരിച്ച് നോട്ടീസ് നൽകുകയായിരുന്നു. രണ്ട് നോട്ടീസുകളും ഫേസ്ബുക്കിൽ പങ്കുവെച്ചാണ് പ്രശാന്തിന്റെ ആരോപണം. ഈ മാസം പതിനാറിനാണ് സസ്‌പെൻഷനിൽ എൻ. പ്രശാന്തിന്റെ ഹിയറിങ്ങ് നടക്കുക.
ALSO READ: നവീൻ ബാബുവിൻ്റെ മരണം: "സിബിഐ അന്വേഷണം വേണം", സുപ്രീം കോടതിയിൽ ഹർജി നൽകി ഭാര്യ മഞ്ജുഷ
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
ഏഴു വിചിത്രരാത്രികൾ
10.02.2025 ന് നൽകിയ കത്തിൽ ഹിയറിംഗ് റെക്കോർഡ് ചെയ്യാനും സ്ട്രീം ചെയ്യാനും മാത്രമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം 04.04.2025 ന് പൂർണ്ണമായും അംഗീകരിച്ചെങ്കിലും 11.04.2025 ന് അത് പിൻവലിച്ചു. ഏഴ് രാത്രികൾ കഴിഞ്ഞപ്പോൾ തീരുമാനം മാറിയതിന്റെ കാരണങ്ങൾ ഒന്നും കത്തിൽ അറിയിച്ചിട്ടില്ല. അതിൽ ആവശ്യം വിചിത്രമാണെന്ന് പറയുന്നില്ല.
എന്നാൽ കൊട്ടാരം ലേഖകർ പറയുന്നത് ആവശ്യം വിചിത്രമാണെന്നാണ്. വിവരാവകാശത്തിന്റെയും സുതാര്യതയുടെയും കാലത്ത് ആർക്കാണിത് വിചിത്രം? ഒന്നറിയാനാണ്. ആളിന് പേരില്ലേ?
എന്റെ അച്ചടക്ക നടപടി സംബന്ധിച്ച രേഖകളും, ഉത്തരവിന്റെ കോപ്പികളും, തീരുമാനങ്ങളും, അഭിപ്രായങ്ങളും ഒക്കെ ചാനലിലും പത്രത്തിലും വായിച്ചാണ് ഞാൻ അറിയുന്നത്. സ്റ്റ്രീമിംഗ് അനുവദിച്ച ആദ്യ ഉത്തരവ് കാണത്ത മട്ടിൽ ചില ചാനൽ തൊഴിലാളികൾ തകർത്ത് അഭിനയിക്കുന്നതും കണ്ടു. (വായിച്ചിട്ട് മനസ്സിലാകാത്തതും ആവാം).
നിരന്തരം നിർഭയം, ഉറവിടമില്ലാത്ത വാർത്തകൾ നൽകുന്നതും, രേഖകൾ തമസ്കരിക്കുന്നതും ചെയ്യുന്നതിനെ എന്താ പറയുക? വിചിത്രം.
കഴിഞ്ഞ ദിവസമാണ് സസ്പെൻഷനിലിരിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിന്റെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രി നിർദേശം നൽകുന്നത്. പിന്നാലെ ഹിയറിങ്ങ് റെക്കോർഡ് ചെയ്യണമെന്ന ആവശ്യവുമായി എൻ. പ്രശാന്ത് രംഗത്തെത്തി. പ്രശാന്തിന്റെ പരാതികള്‍ കേള്‍ക്കാന്‍ ചീഫ് സെക്രട്ടറി വിളിച്ച ഹിയറിങ് ലൈവ് സ്ട്രീമിങ് ചെയ്യണമെന്ന ആവശ്യം സര്‍ക്കാര്‍ നേരത്തെ നിരസിച്ചിരുന്നു. ഹിയറിങ്ങിന്റെ ഓഡിയോയും വീഡിയോയും റെക്കോര്‍ഡ് ചെയ്യണമെന്നും ലൈവ് സ്ട്രീം ചെയ്ത് പൊതുജന മധ്യത്തില്‍ കാണിക്കണമെന്നുമായിരുന്നു എന്‍ പ്രശാന്തിന്റെ ആവശ്യം. പൊതുതാത്പര്യം പരിഗണിച്ചാണ് ആവശ്യമുന്നയിച്ചതെന്നാണ് പ്രശാന്തിന്റെ വാദം.