fbwpx
കേരളത്തിലെ ആദ്യ വധശിക്ഷ 1958ല്‍, അവസാനത്തേത് റിപ്പര്‍ ചന്ദ്രന്‍; 34 വര്‍ഷമായി ആരെയും തൂക്കിലേറ്റിയിട്ടില്ല!
logo

ന്യൂസ് ഡെസ്ക്

Last Updated : 20 Jan, 2025 02:39 PM

വധശിക്ഷ ഒഴിവാക്കാന്‍ ഹൈക്കോടതി, സുപ്രീംകോടതി തുടങ്ങി രാഷ്ട്രപതിയുടെ ദയാഹര്‍ജി വരെ നീളുന്ന നിയമ വ്യവസ്ഥകളുണ്ട്

KERALA



പാറശാല ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍, കുറ്റകൃത്യത്തിന്റെ സ്വഭാവവും ക്രൂരതയും അടിസ്ഥാനമാക്കിയാണ് വധശിക്ഷ വിധിക്കാറുള്ളത്. വിചാരണക്കോടതി വധശിക്ഷ വിധിച്ചാലും, മേല്‍ക്കോടതികളില്‍ പോയി പ്രതികള്‍ ജീവപര്യന്തമോ, ഇരട്ട ജീവപര്യന്തമോ പോലുള്ള ശിക്ഷായിളവ് സ്വീകരിക്കാറാണ് പതിവ്. കേരളത്തില്‍ ഇതുവരെ 26 പേരെ തൂക്കിലേറ്റിയിട്ടുണ്ടെന്നാണ് കണക്കുകള്‍. ആദ്യ വധശിക്ഷ 1958ലായിരുന്നു. അവസാനത്തേത് 1991ലും. കഴിഞ്ഞ 34 വര്‍ഷമായി ആരെയും തൂക്കിലേറ്റിയിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞവര്‍ഷം നിയമസഭയില്‍ അറിയിച്ചതിന്‍പ്രകാരം, സംസ്ഥാനത്ത് ഇതുവരെ 26 പേരെയാണ് തൂക്കിലേറ്റിയിട്ടുള്ളത്. സംസ്ഥാനത്ത് രണ്ട് ജയിലുകളിലാണ് വധശിക്ഷയ്ക്ക് സൗകര്യമുള്ളത്, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും, തിരുവനന്തപുരം പൂജപ്പൂര സെന്‍ട്രല്‍ ജയിലിലും. ഏറ്റവും കൂടുതല്‍ പേരെ തൂക്കിലേറ്റിയതിന്റെ റെക്കോഡ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനാണ്. പൂജപ്പുരയിലും വധശിക്ഷ നടപ്പാക്കിയിട്ടുണ്ടെങ്കിലും, ഇതുസംബന്ധിച്ച കൃത്യമായ രേഖകളൊന്നും സര്‍ക്കാരിന്റെ പക്കലില്ല. പൂജപ്പുരയിൽ 1979ൽ കളിയിക്കാവിള സ്വദേശി അഴകേശനെയാണ് ഒടുവിൽ തൂക്കിലേറ്റിയത്. ദുർമന്ത്രവാദത്തിനായി നിരവധി പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയെന്ന കേസിലായിരുന്നു വധശിക്ഷ.


ALSO READ: ഷാരോണ്‍ വധക്കേസ്: ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ; മൂന്നാം പ്രതിക്ക് മൂന്ന് വര്‍ഷം തടവ്


സംസ്ഥാന രൂപീകരണത്തിനുശേഷം, 1958ലാണ് ആദ്യ വധശിക്ഷ നടപ്പാക്കിയത്. 1960 -1963 കാലഘട്ടങ്ങളില്‍ അഞ്ച് പേരെ തൂക്കിലേറ്റിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 1967-1972 കാലഘട്ടങ്ങളിലായി മൂന്ന് വധശിക്ഷയും നടപ്പാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ വധശിക്ഷ നടപ്പാക്കിയത് 1991ലാണ്. നീലേശ്വരം കരിന്തളം സ്വദേശി റിപ്പർ ചന്ദ്രൻ എന്ന മുതുകുറ്റി ചന്ദ്രനെയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയത്. 1985-86 കാലഘട്ടത്തില്‍ വടക്കൻ കേരളത്തെ വിറപ്പിച്ച കൊലയാളിയായിരുന്നു റിപ്പര്‍ ചന്ദ്രന്‍. രാത്രിയില്‍ ആളുകളെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുന്നതായിരുന്നു ചന്ദ്രന്റെ രീതി. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലായി നിരപരാധികളായ 14 പേരെ കൊലപ്പെടുത്തിയ കേസുകളില്‍ പ്രതിയായിരുന്നു ചന്ദ്രന്‍. ഇതില്‍, ദമ്പതിമാരെ വധിച്ച കേസിലാണ് ചന്ദ്രന് വധശിക്ഷ വിധിച്ചത്. മറ്റുള്ള കേസുകളില്‍ ജീവപര്യന്തമായിരുന്നു ശിക്ഷ. 1991 ജൂലൈ ആറിനായിരുന്നു ചന്ദ്രന്റെ വധശിക്ഷ നടപ്പാക്കിയത്. അതിനുശേഷം, കേരളത്തില്‍ ആരെയും തൂക്കിലേറ്റിയിട്ടില്ല.


ALSO READ: അന്ന് റഫീക്ക ബീവി ഇന്ന് ഗ്രീഷ്മ; കേരളത്തില്‍ വധശിക്ഷ ലഭിച്ച രണ്ട് സ്ത്രീകള്‍


ഗ്രീഷ്മ ഉള്‍പ്പെടെ കോടതി വധശിക്ഷ വിധിച്ച 39 പേര്‍ സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിലുണ്ട്. പൂജപ്പുര സെൻട്രൽ ജയിലിലാണ് ഏറ്റവും കൂടുതൽ പേർ വധശിക്ഷ കാത്തുകഴിയുന്നത് 25. കണ്ണൂർ സെൻട്രൽ ജയിലിൽ നാല്, വിയ്യൂരിൽ അഞ്ച്,വിയ്യൂർ അതിസുക്ഷാ ജയിലിൽ മൂന്ന്, തിരുവനന്തപുരം വനിതാ ജയിലിൽ ഒന്ന് എന്നിങ്ങനെയാണ് കണക്കുകള്‍. വിധി വന്നതിനുശേഷം വർഷങ്ങളായി ജയിലിലുള്ള ഇവരിൽ പലരും ശിക്ഷായിളവിനായി മേൽക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. വധശിക്ഷ ഒഴിവാക്കാന്‍ ഹൈക്കോടതി, സുപ്രീംകോടതി തുടങ്ങി രാഷ്ട്രപതിയുടെ ദയാഹര്‍ജി വരെ നീളുന്ന നിയമ വ്യവസ്ഥകളുണ്ട്. അതിനെല്ലാം സമയമെടുക്കുമെന്നതിനാല്‍, കഴിഞ്ഞ 34 വര്‍ഷമായി സംസ്ഥാനത്ത് വധശിക്ഷ നടപ്പായിട്ടില്ല. അതിനാല്‍ കണ്ണൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളില്‍ വധശിക്ഷ നടപ്പാക്കാനുള്ള സൗകര്യങ്ങളുണ്ടെങ്കിലും സ്ഥിരം ആരാച്ചാര്‍ ഇല്ല. വധശിക്ഷ നടപ്പാക്കാന്‍ താല്‍ക്കാലികമായി ആരാച്ചാരെ നിയമിക്കുകയാണ് ചെയ്യുന്നത്.

KERALA
'ഒരു പാര്‍ട്ടിയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ബോംബ്'; രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാകട്ടെയെന്ന് ആശംസയ്ക്ക് മുഖ്യമന്ത്രിയുടെ തഗ്ഗ് മറുപടി
Also Read
user
Share This

Popular

WORLD
KERALA
WORLD
ട്രംപിന് വീണ്ടും തിരിച്ചടി; ജന്മാവകാശ പൗരത്വം നിർത്തലാക്കണമെന്ന ഉത്തരവ് തടഞ്ഞ് മേരിലാൻഡ് കോടതി