റിലീസ് ഓർഡറിന്റെ ഹാർഡ് കോപ്പി ലഭിച്ച് രാത്രി ഒൻപത് മണിക്കകം നടപടികൾ പൂർത്തിയാക്കിയാൽ അൻവറിന് ഇന്ന് തന്നെ ജയിലിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കും
പി.വി. അൻവർ എംഎൽഎ ഇന്നു തന്നെ ജയിലിൽ നിന്ന് ഇറങ്ങിയേക്കും. അൻവറിന്റെ റിലീസ് ഓർഡറിന്റെ ഇമെയിൽ കോപ്പി ലഭിച്ചുവെന്ന് തവനൂർ ജയിൽ സൂപ്രണ്ട് അറിയിച്ചു. റിലീസ് ഓർഡർ നേരിട്ട് സൂപ്രണ്ടിന് ലഭിക്കണമെന്നാണ് ജയിൽ ചട്ടം. എങ്കിൽ മാത്രമേ പ്രതിയേ മോചിപ്പിക്കാന്‍ സാധിക്കൂ. റിലീസ് ഓർഡറിന്റെ ഹാർഡ് കോപ്പി ലഭിച്ച് രാത്രി ഒൻപത് മണിക്കകം നടപടികൾ പൂർത്തിയാക്കിയാൽ അൻവറിന് ഇന്ന് തന്നെ ജയിലിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കും.
Also Read: പി.വി. അൻവർ പുറത്തേക്ക്; ജാമ്യം അനുവദിച്ച് നിലമ്പൂർ കോടതി
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവുമായി ബന്ധപ്പെട്ടാണ് അൻവറിനെ കോടതി ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഇന്ന് അന്‍വറിന്റെ ജാമ്യ ഹർജി പരിഗണിച്ച നിലമ്പൂര്‍ കോടതി പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളി ജാമ്യം അനുവദിക്കുകയായിരുന്നു. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. 35000 രൂപ പൊതുമുതല്‍ നശിപ്പിച്ചതിന് കെട്ടിവെയ്ക്കണം, എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം.
ആനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അൻവറിൻ്റെ ഡിഎംകെ പാർട്ടി ഡിഎഫ്ഒ ഓഫീസ് ഉപരോധിക്കുന്നതിനിടെയാണ് അക്രമസംഭവങ്ങളുണ്ടായത്. ഇതിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് അൻവർ. അൻവർ ഉൾപ്പെടെ 11 പേരാണ് കേസിലെ പ്രതികൾ. പി.വി. അൻവറിന്റെ പ്രേരണയിലാണ് ആക്രമണം നടന്നതെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്.