ഭരണകൂട ഭീകരതയ്‌ക്കെതിരെയും പിണറായിയുടെ ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെയുള്ള പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അന്‍വർ അറിയിച്ചു
നിലമ്പൂർ ഡിഎഫ്ഒ ഓഫീസ് ആക്രമണ കേസിൽ ജാമ്യം ലഭിച്ച പി.വി. അന്‍വര്‍ എംഎല്‍എ ജയില്‍ മോചിതനായി. 18 മണിക്കൂറാണ് അന്‍വര്‍ ജയിലില്‍ കിടന്നത്. ജാമ്യ ഉത്തരവ് തവനൂർ ജയില്‍ സൂപ്രണ്ടിന് ഹാജരാക്കിയതിനെ തുടർന്നാണ് അന്‍വറിന് ഇന്നു തന്നെ ജയിലില്‍ നിന്ന് ഇറങ്ങാന്‍ സാധിച്ചത്. ജയിലിന് പുറത്തെത്തിയ അന്‍വർ ദൈവത്തിന് നന്ദി പറഞ്ഞു. മധുരം നല്‍കിയാണ് ഡിഎംകെ പ്രവർത്തകർ തങ്ങളുടെ നേതാവിനെ സ്വീകരിച്ചത്. യുഡിഎഫ് ധാർമിക പിന്തുണ നല്‍കിയെന്നും പി.വി. അന്‍വർ അറിയിച്ചു.
കേരളത്തിലെ പൊതു സമൂഹവും മാധ്യമങ്ങളും യുഡിഎഫ് നേതാക്കളായ പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും കോണ്‍ഗ്രസ് നേതാക്കളായ കെ. സുധാകരൻ, രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയവരും ഈ വിഷയത്തിൽ ധാർമിക പിന്തുണ നൽകി. കേരളം അനുഭവിക്കുന്ന വന്യജീവി വിഷയം അങ്ങേയറ്റം ഗൗരവതരമാണെന്ന് തെളിയിക്കുന്നതാണ് ഈ പിന്തുണ. നൂറ് ദിവസം ജയിലിൽ കിടക്കാൻ തയ്യാറായിട്ടാണ് ഞാൻ ഇറങ്ങിയത്. കാരണം നാട് മുഴുവൻ എഫ്ഐആറുകളാണ്. പക്ഷേ ജുഡീഷ്യറിയിൽ നിന്ന് നീതി കിട്ടുമെന്നാണ് കണക്കാക്കിയിരുന്നത്. ആ നീതി കൃത്യമായി കിട്ടി, അന്‍വർ പറഞ്ഞു. ഒറ്റയാൾ പോരാട്ടമാണ് ഇതുവരെ നടത്തിവന്നതെന്ന് പറഞ്ഞ അന്‍വർ പിണറായി സർക്കാരിനെ താഴെയിറക്കാൻ യുഡിഎഫുമായി കൈകോർക്കാൻ തയ്യാറാണെന്നും അറിയിച്ചു. അനൗദ്യോഗിക ചർച്ചകൾ നടത്തിയതായും അൻവർ കൂട്ടിച്ചേർത്തു.
തന്‍റെ അറസ്റ്റില്‍ സർക്കാരിന് തിരിച്ചടി മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും അന്‍വർ പറഞ്ഞു. സ്വയം കുഴികുത്തിക്കൊണ്ടിരിക്കുകയാണ് പിണറായി. പിണറായിയുടെ ആവശ്യം ഇടതുപക്ഷ മുന്നണി അധികാരത്തിൽ വരരുതെന്നാണ്. സിപിഎം അധികാരത്തിൽ വരാതിരിക്കാനുള്ള കരാറാണ് കേന്ദ്രത്തിലെ ആർഎസ്എസ് നേതൃത്വവുമായി അദ്ദേഹം ഉണ്ടാക്കിയിരിക്കുന്നത്. അതാണ് ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞ അന്നുതൊട്ട് ന്യൂനപക്ഷങ്ങളെ ഇങ്ങനെ വേട്ടയാടുന്നത്. കേരളത്തിലെ ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ചും മുസ്ലീമുകൾ വർഗീയവാദികളാണെന്ന് എന്തിനാണ് പിണറായി പറയുന്നത്? എല്‍ഡിഎഫിനോട് ആഭിമുഖ്യമുണ്ടായിരുന്ന ഒരു വിഭാഗം ന്യൂനപക്ഷങ്ങളെ പൂർണമായും അകറ്റിയെന്നും അന്‍വർ ആരോപിച്ചു. പിന്നെയുണ്ടായിരുന്നത് ക്രൈസ്തവ സമൂഹമാണ്. വന ഭേദഗതി നിയമം കാരണം ആ സമുദായവും സിപിഎം വിടാൻ പോകുകയാണ്. ഫോറസ്റ്റ് അധികാരികൾക്ക് അമിതാധികാരം നൽകുന്ന ഈ നിയമം കൊണ്ടുവരുന്നത് കേന്ദ്രമല്ല. കേരളത്തിന്റെ വനനിയമത്തിലാണ് ഈ അമിതാധികാരം നൽകുന്നത്.
അറസ്റ്റ് നിയമാനുസൃതമായാണ് നടത്തിയതെന്ന എല്‍ഡിഎഫ് നേതാക്കളുടെ വാദത്തിനോടും അന്‍വർ പ്രതികരിച്ചു. "കേരളാ നിയമസഭയിൽ സമ്മേളനം നടക്കുമ്പോൾ സ്പീക്കറെ തലകീഴായി നിർത്തി വാതിലും ജനലും മേശയും എല്ലാം തൂക്കിയടിച്ചത് ഇവിടെ കണ്ടതാണല്ലോ? നാല് പയ്യന്മാരുടെ വികാര പ്രകടനത്തിനപ്പുറം എന്താണ് ഇവിടെയുണ്ടായത്? ആകെ രണ്ട് പ്ലാസ്റ്റിക് കസേരയാണ് നശിച്ചത്. രണ്ടിന്റെയും കൂടെ വില ആയിരമാണ്. പിന്നെ ഒരു ട്യൂബ് പൊട്ടി ഒരു ഫാനും കേട് വന്നു. രണ്ടായിരം രണ്ടായിരത്തിയഞ്ഞൂറ് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. അതാണ് 35,000 എന്ന് എഴുതികൊടുത്തത്. സിപിഎമ്മിന് ഇപ്പോൾ അത് പറയാം. അവര് സമരം എന്താണെന്ന് മറന്നു പോയി. ഭരണത്തിന്റെ ശീതളഛായയിൽ മുന്നോട്ടങ്ങനെ തഴുകി ഒഴുകുകയാണ്. അപ്പോൾ സമരം അരോചകമായി തോന്നും", അന്‍വർ പറഞ്ഞു.
ജയിലിലെ സ്ഥിതി മോശമാണെന്നും അന്‍വർ പറഞ്ഞു. രാവിലെ ഭക്ഷണം കഴിച്ചു. എന്നാൽ ഉച്ചയ്ക്ക് ശേഷം ഭക്ഷണം കഴിച്ചില്ല. വിഷം കലർത്തുമോ എന്നായിരുന്നു ആശങ്ക. എല്ലാം മോശമാണെന്ന് പറയുന്നില്ല. എന്നാൽ ഒരു എംഎൽഎയ്ക്ക് ജയിലിൽ കൊടുക്കേണ്ട എ ക്ലാസ് പരിഗണന എന്താണെന്ന് പഠിച്ചിട്ടുവേണം ഇവരെന്നോട് ചെയ്തത് ശരിയാണോ എന്ന് പറയാനെന്ന് അന്‍വർ വ്യക്തമാക്കി. ഒരു തലയണ ചോദിച്ചിട്ട് ലഭിച്ചില്ലെന്നും നിലമ്പൂർ എംഎല്‍എ ആരോപിച്ചു.
ഭരണകൂട ഭീകരതയ്‌ക്കെതിരെയും പിണറായിയുടെ ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെയുള്ള പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ടുപോകും. വന്യമൃഗ ശല്യം നേരിടുന്ന മലയോര കർഷകർക്കായുള്ള പോരാട്ടം കർഷക സംഘങ്ങളെയും തിരുമേനിമാരെയും കൂട്ടി തുടരും. വന നിയമ ഭേദഗതി നിയമസഭയിൽ പാസാക്കാൻ അനുവദിക്കില്ലെന്നും പി.വി. അൻവർ പറഞ്ഞു.
Also Read: അൻവറിന്‍റെ അറസ്റ്റില്‍ സർക്കാർ സ്വീകരിച്ചിരിക്കുന്നത് നിയമാനുസൃതമായ നടപടികൾ : എ.കെ. ശശീന്ദ്രന്‍
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവവുമായി ബന്ധപ്പെട്ടാണ് അൻവറിനെ കോടതി ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഇന്ന് അന്‍വറിന്റെ ജാമ്യ ഹർജി പരിഗണിച്ച നിലമ്പൂര്‍ കോടതി പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളി ജാമ്യം അനുവദിക്കുകയായിരുന്നു. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. 35000 രൂപ പൊതുമുതല്‍ നശിപ്പിച്ചതിന് കെട്ടിവെയ്ക്കണം, എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം.
Also Read: ഇടതുപക്ഷത്തിന്‍റെ മുന്നണി പോരാളിയിൽ നിന്ന് മുഖ്യശത്രുവിലേക്ക്; അൻവർ ഇനി യുഡിഎഫിലേക്കോ?
ആനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അൻവറിൻ്റെ ഡിഎംകെ പാർട്ടി ഡിഎഫ്ഒ ഓഫീസ് ഉപരോധിക്കുന്നതിനിടെയാണ് അക്രമസംഭവങ്ങളുണ്ടായത്. ഇതിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് അൻവർ. അൻവർ ഉൾപ്പെടെ 11 പേരാണ് കേസിലെ പ്രതികൾ. പി.വി. അൻവറിന്റെ പ്രേരണയിലാണ് ആക്രമണം നടന്നതെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്.