ആരോഗ്യത്തിൽ മാത്രം നമ്പർ വൺ ആയാൽ മതിയോ ശമ്പളത്തിൽ അത് വേണ്ടേയെന്നും എംഎൽഎ ചോദ്യമുന്നയിച്ചു
സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ആശാ വർക്കർമാരുടെ സമരം വിജയിക്കേണ്ടത് നാടിൻ്റെ ആവശ്യമാണ്. പിഎസ്‌സിക്കാർക്ക് ശമ്പളം വർധിപ്പിക്കാമെങ്കിൽ ആശാ വർക്കർമാർക്കും വർധിപ്പിക്കാമെന്നായിരുന്നു രാഹുലിൻ്റെ പ്രതികരണം. യൂത്ത് കോൺഗ്രസ് സമരക്കാരെ വാഹനത്തിൽ നിന്ന് ഇറങ്ങി അഭിവാദ്യം ചെയ്യുന്ന മന്ത്രി സമരക്കാരെയും അഭിവാദ്യം ചെയ്യണമെന്നും എംഎൽഎ പറഞ്ഞു.
"പശ്ചിമ ബംഗാളിൽ ആശാവർക്കർമാർക്ക് പിരിഞ്ഞ് പോവുമ്പോൾ പണം നൽകുന്നു. കേരളത്തിൽ റ്റാറ്റ ബൈ ബൈ മാത്രമാണ്" രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കേരളത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നതിൽ കാര്യമില്ല. നല്ല മാതൃകകൾക്ക് താരതമ്യം ചെയ്യാം. ആരോഗ്യത്തിൽ മാത്രം നമ്പർ വൺ ആയാൽ മതിയോ ശമ്പളത്തിൽ അത് വേണ്ടേയെന്നും എംഎൽഎ ചോദ്യമുന്നയിച്ചു.
ALSO READ: "ന്യായമായ സമരം"; ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വനിതാ കമ്മീഷൻ
ഈ മാസം 10 മുതലാണ് സംസ്ഥാനത്തെ ആശാവർക്കർമാർ സമരം ആരംഭിച്ചത്. ഓണറേറിയം വര്‍ധിപ്പിക്കുക,വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.മന്ത്രിയുടെ നേതൃത്വത്തില്‍ വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും സമവായ നീക്കമെന്ന നിലയില്‍ രണ്ട് ആവശ്യങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചത്. ആശാവര്‍ക്കര്‍മാരുടെ മഹാസംഗമം അടക്കം സമരത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. വിഷയത്തില്‍ ശാശ്വത പരിഹാരമുണ്ടാക്കുന്നത് വരെ അനിശ്ചിതകാല സമരം തുടരാനാണ് ആശ വര്‍ക്കര്‍മാരുടെ തീരുമാനം.
ആശ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ച് വി. ഡി. സതീശന്‍, രമേശ് ചെന്നത്തില, വി.എം. സുധീരന്‍, അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി തീപ്പന്തം കൊളുത്തി പ്രതിഷേധം അറിയിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ തീരുമാനം. കൂടാതെ സിപിഐയും വനിതാ കമ്മീഷനും ആശ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
കേന്ദ്ര - സംസ്ഥാന സർക്കാർ കൂടിയാലോചിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും, ന്യായമായ സമരമാണ് ആശാ വർക്കർമാർ നടത്തുന്നതെന്നുമായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവിയുടെ പ്രതികരണം. ആശാ വർക്കർമാർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നേരത്തെ സിപിഐ നേതാവ് ആനി രാജ രംഗത്തെത്തിയിരുന്നു.