ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രം ദര്‍ശനം പരിമിതപ്പെടുത്തിയ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് തീരുമാനത്തില്‍ നിന്ന് പിന്മാറുന്നത്
മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്കായി പമ്പയില്‍ സ്പോട്ട് ബുക്കിങ്ങ് സൗകര്യം ഒരുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ധാരണ. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രം ദര്‍ശനം പരിമിതപ്പെടുത്തിയ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് തീരുമാനത്തില്‍ നിന്ന് പിന്മാറുന്നത്. ശുപാര്‍ശ സര്‍ക്കാരിനെ അറിയിക്കുമെന്നും അന്തിമ തീരുമാനം സര്‍ക്കാര്‍ എടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇത്തവണ ദര്‍ശന സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. രാവിലെ മൂന്ന് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകിട്ട് മൂന്ന് മണി മുതൽ രാത്രി 11 വരെയുമാകും ദര്‍ശന സമയം. നേരത്തെ വൈകിട്ട് നാല് മുതൽ 11 വരെ ആയിരുന്നു. മണ്ഡലകാലം മുഴുവൻ ഈ സമയക്രമം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാരുമായി ഇക്കാര്യം കൂടിയാലോചിക്കും. അതേസമയം, ഒരു ദിവസം ദര്‍ശശത്തിന് 80000ത്തിൽ കൂടുതല്‍ ആളുകളെ അനുവദിക്കാനാകില്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തിലാണ് സ്പോട്ട് ബുക്കിങ്ങ് വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. നല്ല ഉദ്ദേശത്തോടെയാണ് ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രമാക്കിയത്. പക്ഷെ നെഗറ്റീവായാണ് അതിനെ കണ്ടത്. മാലയിട്ട് വരുന്ന ഒരു ഭക്തനും മടങ്ങി പോകേണ്ടി വരില്ലെന്നും പി.എസ് പ്രശാന്ത് പറഞ്ഞു. ദര്‍ശനത്തിന് എത്തുന്ന ഭക്തന്‍റെ ആധികാരിക രേഖ ആവശ്യമാണ്. ഓണ്‍ലൈന്‍ ബുക്ക് ചെയ്യുമ്പോള്‍ ഈ രേഖ ഉണ്ടാകും. അപകടങ്ങൾ പതിയിരിക്കുന്ന സ്ഥലങ്ങൾ ശബരിമലയിലുണ്ട്. എന്തെങ്കിലും സംഭവിച്ചാൽ രേഖകൾ വേണം. സന്നിധാനത്ത് ആൾക്കൂട്ട നിയന്ത്രണം ആവശ്യമാണെന്നും ദേവസ്വം പ്രസിഡന്‍റ് വ്യക്തമാക്കി.
അതേസമയം, ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നടപടികളുമായി ദേവസ്വം ബോർഡിന് മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രവൃത്തിപരിചയം സംബന്ധിച്ച തർക്കമുള്ള രണ്ട് അപേക്ഷകരുടെ പേര് ഉൾപ്പെടുത്തി അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കാം. ഹൈക്കോടതി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ നറുക്കെടുപ്പിൽ ഇവരുടെ പേരുകൾ ഉൾപ്പെടുത്താവൂ എന്നും ദേവസ്വം ബെഞ്ച് നിര്‍ദേശം നല്‍കി.