മൂന്ന് അനധികൃത കുടിയേറ്റ ഔട്ട് പോസ്റ്റുകള്‍ക്കും നാല് സംഘടനകള്‍ക്കുമാണ് യുകെ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്
വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രയേല്‍ കുടിയേറ്റത്തെ പിന്തുണയ്ക്കുന്ന ഏഴ് സംഘടനകള്‍ക്ക് ഉപരോധം ഏർപ്പെടുത്തി യുകെ. എന്നാല്‍ ഇസ്രയേൽ സർക്കാരില്‍ തീവ്ര നിലപാടുകള്‍ വെച്ചു പുലർത്തുന്ന രണ്ട് അംഗങ്ങളെ ശിക്ഷിക്കുമെന്ന മുൻ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണിന്‍റെ നിലപാടില്‍ നിന്നും രാജ്യം പിന്മാറി.
മൂന്ന് അനധികൃത കുടിയേറ്റ ഔട്ട് പോസ്റ്റുകള്‍ക്കും നാല് സംഘടനകള്‍ക്കുമാണ് യുകെ ഉപരോധം ഏർപ്പെടുത്തിയിരുക്കുന്നത്. തിർസ വാലി ഫാം, മൈതാരിം, ഷുവി എറെറ്റ്സ് എന്നിവയാണ് ഉപരോധിക്കപ്പെട്ടിരിക്കുന്ന ഔട്ട് പോസ്റ്റുകള്‍. ഓഡ് യോസെഫ് ചായ് യെശിവ, ഹാഷോമർ യോഷ്, ടോററ്റ് ലെച്ചിമ, അമാന എന്നീ ഇസ്രയേല്‍ സംഘടനകളാണ് ഉപരോധിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ അമാനയെന്ന സംഘടന ഇസ്രയേലിന്‍റെ അനധികൃത കുടിയേറ്റത്തിന്‍റെ പ്രധാന ഭാഗമാണ്. കാനഡയും ഇവരെ ഉപരോധിച്ചിരുന്നു. വെസ്റ്റ് ബാങ്കില്‍ ഒരു മില്യണ്‍ കുടിയേറ്റങ്ങള്‍ സാധ്യമാക്കുക എന്നതാണ് അമാനയുടെ പ്രഖ്യാപിത ലക്ഷ്യം.
2023 ഒക്ടോബർ 7ന് ഇസ്രയേലില്‍ നടന്ന ഹമാസ് ആക്രമണത്തിനു ശേഷം വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാർ തദ്ദേശീയരോട് അതിക്രൂരമായാണ് പെരുമാറുന്നതെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. വെസ്റ്റ് ബാങ്കില്‍ നേരിട്ടു കണ്ട കാഴ്ചകള്‍ പങ്കു വെക്കുകയായിരുന്നു ലാമി. ഇസ്രയേൽ സർക്കാരിന്‍റെ നിഷ്‌ക്രിയത്വമാണ് കുടിയേറ്റക്കാരുടെ അക്രമം അനിയന്ത്രിതമായി വർധിക്കാൻ കാരണമെന്നും ലാമി കൂട്ടിച്ചേർത്തു.
അതേസമയം, ഇസ്രയേല്‍ ധനകാര്യ മന്ത്രി ബെസലേൽ സ്മോട്രിച്ച്, ദേശീയ സുരക്ഷ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ എന്നിവർക്കെതിരെ ഉപരോധം കൊണ്ടുവരാനായി ആലോചിച്ചിരുന്നതായി ചൊവ്വാഴ്ച ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഡേവിഡ് കാമറൂണ്‍ പറഞ്ഞു. ലേബർ സർക്കാർ തന്‍റെ നിർദേശത്തെ അവഗണിച്ചതില്‍ മുൻ വിദേശകാര്യ സെക്രട്ടറി ആശങ്കയും അറിയിച്ചു. പൊതു തെരഞ്ഞെടുപ്പ് സമയത്ത് അത്രയും രാഷ്ട്രീയ പ്രാധാന്യമുള്ള നീക്കം വേണ്ട എന്ന ഉപദേശം ലഭിച്ചതിനെ തുടർന്നാണ് ഉപരോധത്തിനായുള്ള നടപടികള്‍ സ്വീകരിക്കാതിരുന്നതെന്നും കാമറൂണ്‍ കൂട്ടിച്ചേർത്തു. എന്നാല്‍ ഉപരോധം ഏർപ്പെടുത്താനായി ആഴ്ചകളായി ചർച്ചകള്‍ നടക്കുകയാണെന്നും ഡേവിഡ് കാമറൂണിന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പെട്ടെന്നെടുത്ത തീരുമാനമല്ലതെന്നും യുകെ വിദേശകാര്യ ഓഫീസ് അറിയിച്ചു.