സ്റ്റേജിൽ നിന്ന് താഴേക്ക് വീണാൽ മരണം സംഭവിക്കാമെന്ന് അറിവുണ്ടായിട്ടും പ്രതികൾ അത് അവഗണിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു
കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിയ്ക്കിടെ ഉമ തോമസ് എംഎൽഎയ്ക്ക് അപകടം പറ്റിയ സംഭവത്തിൽ പൊലീസ് റിമാൻഡ് റിപ്പോർട്ട് പുറത്ത്. താത്കാലിക നിർമാണത്തിന് മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥ ലംഘിച്ചു, താത്കാലിക സ്റ്റേജ് നിർമിച്ചത് അശാസ്ത്രീയമായാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്റ്റേജ് ഉറപ്പിച്ചിരുന്നത് സിമന്റ് കട്ടകളിലാണ്, സിമന്റ് കട്ട പൊടിഞ്ഞ സ്റ്റേജ് തകരാൻ സാധ്യതയുണ്ടായിരുന്നു, സ്റ്റേജിന് കുലുക്കം ഉണ്ടായിരുന്നുവെന്നും തുടങ്ങിയ ഗുരുതര കണ്ടെത്തലുകളും റിമാൻഡ് റിപ്പോർട്ടിലുണ്ട്. സ്റ്റേജിൽ നടന്നു പോകാൻ മതിയായ അകലം ഇല്ലാതെയാണ് ക്രമീകരണം നടത്തിയത്. പിഡബ്ല്യുഡി റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ഇക്കാര്യം വ്യക്തമായത്. സ്റ്റേജിൽ നിന്ന് താഴേക്ക് വീണാൽ മരണം സംഭവിക്കാമെന്ന് അറിവുണ്ടായിട്ടും പ്രതികൾ അത് അവഗണിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ALSO READ: ഉമ തോമസിന് പരുക്കേറ്റ സംഭവം: നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം
സംഭവത്തിൽ മൃദംഗ വിഷന്‍ എംഡി എം. നിഗോഷ് കുമാറിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏഴാം തീയതി വരെയാണ് ജാമ്യം. കേസിൽ മറ്റ് പ്രതികളായ ഷമീർ അബ്ദുൽ റഹീം, ബെന്നി, കൃഷ്ണകുമാർ എന്നിവരുടെ ഇടക്കാല ജാമ്യം നീട്ടി നൽകി.
അതേസമയം, കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്തപരിപാടിയിലെ സാമ്പത്തിക തട്ടിപ്പിൽ, എം ഡി നിഗോഷ് കുമാറിന്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്തു വന്നു. പരിപാടിക്കായി ലഭിച്ച പണം പലർക്കായി വീതിച്ച് നൽകിയെന്നും, ലഭിച്ച നാല് കോടിയോളം രൂപയിൽ തുച്ഛമായ തുക മാത്രമാണ് തൻ്റെ പക്കലുള്ളതെന്നും നിഗോഷ് പറഞ്ഞു. ദിവ്യ ഉണ്ണിക്കും പൂർണിമയ്ക്കും സിജോയ് വർഗീസിനും വിഹിതം നൽകി. GCDA യുടെ സ്റ്റേഡിയം തരപ്പെടുത്തി തന്ന കൃഷ്ണകുമാറും നല്ലൊരു തുക കമ്മീഷനായി കൈപ്പറ്റിയെന്നും നിഗോഷ് കുമാർ പൊലീസിന് മൊഴി നൽകി.
അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംൽഎയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് ഇന്നലെ ഡോക്ടർമാർ അറിയിച്ചു. എക്സ്- റേയിൽ നീർക്കെട്ട് കണ്ടതായും ഡോക്ടർമാർ പറഞ്ഞു. ഉമ തോമസ് നാളെ കൂടി വെൻ്റിലേറ്ററിൽ തുടരും.