വീട്ടുകാർ പ്രണയം അംഗീകരിക്കാത്തതിൻ്റെ പകയിലാണ് കൊലപാതകമെന്ന് നാട്ടുകാർ പറയുന്നുണ്ട്
തിരുവനന്തപുരം വെഞ്ഞാറമൂടിൽ ഇരുപത്തിമൂന്നുകാരനായ യുവാവ് ബന്ധുക്കളടക്കം അഞ്ചു പേരെ കൊന്നതിൻ്റെ ഞെട്ടലിലാണ് നാടൊന്നാകെ. കൊലപാതക വിവരം പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചത് പ്രതി അഫാൻ തന്നെയാണ്. ഇന്നലെ രാത്രി എട്ടേ കാലോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. ചോരമരവിപ്പിക്കുന്ന കൂട്ടക്കുരുതിയുടെ ഇതുവരെ വെളിവായ വിശദാംശങ്ങൾ ഇങ്ങനെ.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി പ്രതി അഫാൻ പറഞ്ഞു. ഞാൻ ആറു പേരെ കൊന്നു. ഞെട്ടലോടെ ഇതുകേട്ട പൊലീസുകാർ ഇയാളെയും കൂട്ടി പോരുമലയിലെ വീട്ടിലെത്തി. വീടിൻ്റെ ഗേറ്റ് പുറത്തു നിന്ന് പൂട്ടിയിരുന്നു. താഴുതകർത്ത് അകത്ത് കയറിയപ്പോൾ മുൻവാതിലും പൂട്ടിയിട്ടുണ്ടായിരുന്നു. എല്ലാ ജനാലകളും അടച്ചിരുന്നു. അടുക്കളവാതിൽ തകർത്ത് പൊലീസും നാട്ടുകാരും ഉള്ളിൽ കയറിയപ്പോൾ പാചകവാതകത്തിൻ്റെ ഗന്ധം. കൂട്ടക്കൊലയ്ക്ക് ശേഷം ഗ്യാസ് കുറ്റി തുറന്നുവിട്ടിട്ടായിരുന്നു പ്രതി പൊലീസ് സ്റ്റേഷനിലേക്ക് പോയത്.
അകത്ത് കയറിയപ്പോൾ വീടിൻ്റെ താഴത്തെ നിലയിൽ തലയിൽ നിന്ന് ചോര വാർന്ന നിലയിൽ അഫാൻ്റെ അമ്മ ഷെമി കിടക്കുന്നുണ്ടായിരുന്നു. അവരുടെ കണ്ണിമ മാത്രം നേരിയതായി ചിമ്മുന്നുണ്ടായിരുന്നു. താഴത്തെ നിലയിൽ തന്നെ ജീവനറ്റ് പതിമൂന്നുകാരനായ അനിയൻ അഹ്സനും. മുകളിലെ നിലയിലെ കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു കാമുകി ഫർസാനയുടെ ശരീരം. ജീവൻ ശേഷിച്ചത് ഷെമിക്ക് മാത്രം.
ALSO READ: സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നില്ല; ക്രൂര കൊലപാതകം പ്രണയം കുടുംബം അംഗീകരിക്കാത്തതിനെ തുടര്‍ന്ന്?
പിന്നീടാണ് മറ്റ് മൂന്ന് കൊലപാതകങ്ങളുടെ വിവരം കൂടി പുറത്തുവന്നത്. മൂന്നിടങ്ങളിലായി അഫാൻ ആകെ നടത്തിയത് അഞ്ച് കൊലപാതകം!
പൊലീസ് സ്റ്റേഷനിലേക്ക് പോകും വഴി കണ്ട സുഹൃത്തിനോടും അഫാൻ താനൊരു കൂട്ടക്കൊല നടത്തിയിട്ടാണ് വരുന്നതെന്ന് പറഞ്ഞിരുന്നു. പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ വെളിവായതു പ്രകാരം കൂട്ടക്കുരുതിയുടെ ക്രമം ഇങ്ങനെ.
പ്രതി അഫാൻ രാവിലെ പാങ്ങോട്ടെ തറവാട് വീട്ടിലെത്തി എൺപത്തിയെട്ട് വയസുള്ള പിതൃമാതാവ് സൽമാ ബീവിയെ കൊന്നു. ശേഷം ചുള്ളാളത്തെ ബന്ധുവീട്ടിലെത്തി. പിതൃസഹോദരൻ ലത്തീഫിനേയും ഭാര്യ ഷാഹിദയേയും കൊന്നു. അതിന് ശേഷം സ്വന്തം വീട്ടിലെത്തി അനിയൻ അഹസനെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി അവനിഷ്ടപ്പെട്ട ഭക്ഷണം കുഴിമന്തി വാങ്ങി നൽകി. തിരിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന ശേഷം എട്ടാം ക്ലാസുകാരനായ അനിയനെ തലക്കടിച്ച് കൊന്നു. അമ്മ ഷെമിയേയും നേരത്തേ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന കാമുകി ഫർസാനയേയും തലക്കടിച്ച് വീഴ്ത്തി.
പൊലീസ് സ്റ്റേഷനിലെത്തിയതിന് ശേഷം താൻ എലിവിഷം കഴിച്ചിട്ടുണ്ടെന്നും പ്രതി അഫാൻ പൊലീസിനോട് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച പ്രതിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കൂട്ടക്കുരുതിയുടെ വിവരം അയൽക്കാർ പോലുമറിയുന്നത് പൊലീസും അഗ്നിരക്ഷാസേനയും എത്തിയതിന് ശേഷം മാത്രമാണ്.
ALSO READ: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: ആസൂത്രിതം; കൊല നടത്തിയത് കിലോമീറ്ററുകള്‍ സഞ്ചരിച്ച്
സാമ്പത്തിക പ്രതിസന്ധികളാണ് കൊലപാതക കാരണമെന്നാണ് പ്രതി പൊലീസിന് നൽകിയ ആദ്യ മൊഴി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പ്രണയം വീട്ടുകാർ അംഗീകരിക്കാത്തതിൻ്റെ പകയിലെന്ന് ചില നാട്ടുകാർ പറയുന്നു. ശാന്തപ്രകൃതനായിരുന്നു പ്രതിയെന്നും ആർക്കും മുഖം കൊടുക്കാത്ത തരമായിരുന്നുവെന്നും വേറെ ചിലർ പറയുന്നു. ലഹരി ഉപയോഗിക്കുന്നയാളെന്നും ചിലർ പറയുന്നുണ്ട്. അഞ്ചു പേരെ ഒന്നൊന്നായി കൊന്നൊടുക്കിയ പൈശാചിക കുറ്റകൃത്യത്തിൻ്റെ മരവിപ്പിലാണ് നാടൊന്നാകെ.