ഏഴ് വര്‍ഷത്തിലേറെയായി ഇന്ത്യന്‍ ഏജന്‍സികളുടെ നിരന്തരമായ ശ്രമത്തിന്റേയും മൂന്ന് രാജ്യങ്ങളിലേക്ക് നീണ്ട അന്വേഷണത്തിന്റേയും ഫലമായാണ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ മെഹുല്‍ ചോക്‌സിയെ തിരിച്ചെത്തിച്ചത്.
അനന്തരവന്‍ നീരവ് മോദി, ഭാര്യ അമി മോദി, സഹോദരന്‍ നീഷല്‍ മോദി എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് മെഹുല്‍ ചോക്‌സി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 12,636 കോടി രൂപയുടെ വായ്പയെടുത്താണ് രാജ്യം വിട്ടത്. തട്ടിപ്പിനെ കുറിച്ച് രാജ്യം അറിയുന്നതിനു മുമ്പ് ചോക്‌സി ഇന്ത്യ കടന്നിരുന്നു.
ആദ്യം കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ആന്റിഗ്വയില്‍. ഇവിടെ പൗരത്വവും നേടി. 2021 ല്‍ അനധികൃതമായി കടന്നതിന്റെ പേരില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ ചോക്‌സി അറസ്റ്റിലായിരുന്നു. വിവരം അറിഞ്ഞ ഉടനെ സിബിഐ സംഘം ചോക്‌സിയെ കസ്റ്റഡിയിലെടുക്കാനായി ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ എത്തി. ആരോഗ്യസ്ഥിതി മോശമായ ചോക്‌സിക്ക് ചികിത്സയുടെ ആവശ്യത്തിനായി ആന്റിഗ്വയില്‍ തിരിച്ചു പോകേണ്ടതുണ്ടെന്നും വിചാരണ നേരിടാന്‍ തിരിച്ചുവരുമെന്നുമുള്ള അഭിഭാഷകന്റെ ഉറപ്പില്‍ ഡൊമിനിക്കന്‍ കോടതി വിട്ടയക്കാന്‍ ഉത്തരവിട്ടു. 51 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമായിരുന്നു ചോക്‌സിയുടെ മോചനം. അതിനാല്‍ ചോക്‌സിയെ രാജ്യത്ത് എത്തിക്കാന്‍ സിബിഐ സംഘത്തിന് ആയില്ല. ആന്റിഗ്വയില്‍ തിരിച്ചു പോയതോടെ ചോക്‌സിക്കെതിരെ ചുമത്തിയ കേസ് ഡൊമിനിക്കന്‍ കോടതി തള്ളുകയും ചെയ്തു.
ALSO READ: 13,500 കോടി രൂപയുടെ വായ്പാ തട്ടിപ്പ്; മെഹുല്‍ ചോക്‌സി ബെല്‍ജിയത്തില്‍ അറസ്റ്റില്‍
എന്നാല്‍, ചോക്‌സിയെ ഉപേക്ഷിക്കാന്‍ സിബിഐ, ഇഡി സംഘം തയ്യാറായിരുന്നില്ല. ലഭിക്കാവുന്ന എല്ലാ തെളിവുകളും ശേഖരിച്ചതിനു ശേഷം ബെല്‍ജിയത്തിലുണ്ടെന്ന വിവരം ലഭിക്കുന്നത് കഴിഞ്ഞ വര്‍ഷമാണ്. ഇതോടെ കാര്യങ്ങള്‍ ത്വരിതപ്പെടുത്തിയ അന്വേഷണ സംഘം, ചോക്‌സിക്കെതിരായ തെളിവുകള്‍ ബെല്‍ജിയത്തിന് കൈമാറുകയും ഇന്ത്യക്ക് കൈമാറണെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ശനിയാഴ്ചയാണ് ചോക്‌സിയെ ബെല്‍ജിയം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതിനിടയില്‍ സ്വിറ്റസര്‍ലന്‍ഡിലേക്ക് കടക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഏഴ് വര്‍ഷത്തിനിടയില്‍ മൂന്ന് രാജ്യങ്ങളിലാണ് ചോക്‌സിക്കായി ഇന്ത്യന്‍ ഏജന്‍സികള്‍ അന്വേഷണം നടത്തിയത്.
മെഹുല്‍ ചോക്‌സിയുടെ ഭാര്യ പ്രീതി ബെല്‍ജിയം പൗരയാണ്. ബെല്‍ജിയം പൗരത്വം ലഭിക്കാനും ചോക്‌സി ഇതിനിടയില്‍ ശ്രമം നടത്തിയിരുന്നു. ഇതിനായി വ്യാജ രേഖകള്‍ സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയിലും ആന്റിഗ്വയിലും പൗരത്വമുള്ള കാര്യവും മറച്ചുവെച്ചു.
രക്താര്‍ബുധത്തെ തുടര്‍ന്ന് ബെല്‍ജിയത്തില്‍ ചികിത്സയിലാണെന്നായിരുന്നു കഴിഞ്ഞ ഫെബ്രുവരിയില്‍ ചോക്‌സിയുടെ അഭിഭാഷകന്‍ മുംബൈ കോടതിയെ അറിയിച്ചത്. അന്വേഷണവുമായി സഹകരിക്കാമെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിക്കു മുന്നില്‍ ഹാജരാകാമെന്നുമായിരുന്നു ചോക്‌സിയുടെ നിലപാട്. എന്നാല്‍ ഈ ആവശ്യം ഇന്ത്യ തള്ളുകയും തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തു.
ആരാണ് മെഹുല്‍ ചോക്‌സി?
ലോകത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡഡ് ജ്വല്ലറി റീട്ടെയിലര്‍മാരില്‍ ഒന്നായ ഗീതാഞ്ജലി ഗ്രൂപ്പിന്റെ ഉടമയായിരുന്നു ഗുജറാത്തുകാരനായ മെഹുല്‍ ചോക്‌സി. ഇന്ത്യയില്‍ മാത്രം നാലായിരം ബ്രാഞ്ചുകളുണ്ടായിരുന്ന ഗ്രൂപ്പ്. ഇന്ത്യയിലെ പ്രമുഖ ഡയമണ്ട് വ്യാപാരി. പിതാവില്‍ നിന്നാണ് ഗീതാഞ്ജലി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്.
നിശ്ചിത തുക പ്രതിമാസം നിക്ഷേപിക്കുന്നവര്‍ക്ക് വലിയ ബോണസും ആഭരണങ്ങള്‍ക്ക് ഡിസ്‌കൗണ്ടും ഗീതാഞ്ജലി ഗ്രൂപ്പ് വാഗ്ദാനം ചെയ്തിരുന്നു. ഒപ്പം രാജ്യം മുഴുവന്‍ ഉപയോഗിക്കാവുന്ന പെയ്‌മെന്റ് കാര്‍ഡും. ഒന്നുമുതല്‍ മൂന്നുവര്‍ഷം വരെ കാലാവധിയുള്ള ഷഗുന്‍, സ്വര്‍ണ മംഗല്‍ ലാഭ്, സ്വര്‍ണ മംഗല്‍ കലശ് സമ്പാദ്യ പദ്ധതികളായിരുന്നു പ്രധാന ആകര്‍ഷണം. 12 മാസത്തെ പ്ലാനില്‍ ചേരുന്നവര്‍ പോലും 11 മാസം മാത്രം പണം അടച്ചാല്‍ മതിയെന്നും ഒരുമാസത്തെ തുക കമ്പനി നല്‍കുമെന്നും വാഗ്ദാനം.
നിക്ഷേപ കാലാവധി പൂര്‍ത്തിയാക്കിയവര്‍ പണം പിന്‍വലിക്കാനെത്തിയപ്പോഴാണ് തട്ടിപ്പിന്റെ ആഴം വ്യക്തമായത്. അഞ്ഞൂറിലേറെ പേര്‍ക്ക് പണം നഷ്ടമായി. തട്ടിപ്പുകളില്‍ നിന്നും തട്ടിപ്പുകളിലേക്കായിരുന്നു പിന്നീടുള്ള യാത്ര. അനന്തരവന്‍ നീരവ് മോദിയുമൊത്ത് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500കോടി, എസിഐസിഐ ബാങ്ക് നയിക്കുന്ന 31 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 5280 കോടി, ഗുജറാത്തിലെ സാധാരണക്കാരുടെ അയ്യായിരം കോടിയിലേറെ രൂപ ഇങ്ങനെ തട്ടിപ്പുകളുടെ പട്ടിക നീണ്ടു.
തട്ടിപ്പിനെ കുറിച്ച് മാധ്യമങ്ങള്‍ അറിയുന്നതിനു മുമ്പ് ചോക്‌സി രാജ്യം വിട്ടു. രാജ്യത്ത് നിരവധി കേസുകളാണ് ചോക്‌സിക്കെതിരെ ചുമത്തിയത്. അയാളുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഗീതാഞ്ജലി ജ്വല്ലറി ഗ്രൂപ്പുകള്‍ അടച്ചുപൂട്ടി.