തിങ്കളാഴ്ച ഇന്ത്യൻ ടീമിനൊപ്പം പരിശീലനത്തിനായി ഗ്രൗണ്ടിലിറങ്ങിയെങ്കിലും ഫീൽഡിങ് പ്രാക്ടീസ് ഒഴിവാക്കി ബാറ്റിങ്ങിൽ മാത്രമാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചത്
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന പോരാട്ടങ്ങൾക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വൻ തിരിച്ചടി. ദുബായിൽ പറന്നിറങ്ങിയതിന് പിന്നാലെ ഇന്ത്യയുടെ സെക്കൻഡ് ചോയിസ് വിക്കറ്റ് കീപ്പറും വാലറ്റത്തെ വെടിക്കെട്ട് ബാറ്ററുമായ റിഷഭ് പന്തിന് പരിശീലനത്തിനിടെ പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ.
ഹാർദിക് പാണ്ഡ്യയുടെ ഞായറാഴ്ചത്തെ ബാറ്റിങ് പരിശീലനത്തിനിടെ അദ്ദേഹത്തിൻ്റെ ഷോട്ട് പന്തിൻ്റെ കാൽമുട്ടിൽ ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഉത്തരാഖണ്ഡുകാരാനായ യുവതാരം വൈദ്യസഹായം തേടിയെങ്കിലും പരിക്ക് ഭേദമായിട്ടില്ലെന്നാണ് സൂചന. ടീം ഫിസിയോ കമലേഷും ഹാർദിക് പാണ്ഡ്യയും താരത്തിനരികിലേക്ക് ഓടിയെത്തി. താരത്തിന് ടൂർണമെൻ്റിലെ ആദ്യ മത്സരങ്ങളിൽ കളിക്കാനായേക്കില്ലെന്ന റൂമറുകളും പ്രചരിക്കുന്നുണ്ട്.
തിങ്കളാഴ്ച ഇന്ത്യൻ ടീമിനൊപ്പം പരിശീലനത്തിനായി ഗ്രൗണ്ടിലിറങ്ങിയെങ്കിലും ഫീൽഡിങ് പ്രാക്ടീസ് ഒഴിവാക്കി ബാറ്റിങ്ങിൽ മാത്രമാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചത്. സഹതാരങ്ങൾക്കൊപ്പം ഞൊണ്ടി നടക്കുന്ന പന്തിനെയാണ് വീഡിയോകളിൽ നിന്ന് കാണാനായത്.
പന്തിൻ്റെ പരിക്ക് ഗുരുതരമല്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഗ്രൂപ്പ് എയിൽ ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഫെബ്രുവരി 23ന് പാകിസ്ഥാനെതിരായ മത്സരം കാണാൻ ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിപ്പിലാണ്. 2017 ജൂണിൽ ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയപ്പോൾ ഇന്ത്യയെ 180 റൺസിന് പരാജയപ്പെടുത്തി പാകിസ്ഥാൻ കിരീടം ചൂടിയിരുന്നു. മാർച്ച് 2ന് ന്യൂസിലൻഡിനെതിരെ ആണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം.
ALSO READ: ചാംപ്യന്‍സ് ട്രോഫി 2025 ടൂർണമെൻ്റിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ജഴ്സി പുറത്തിറക്കി