കേരളത്തിലെ കോൺഗ്രസ് പ്രമാണിമാർ തള്ളിപ്പറഞ്ഞിട്ടും ശശി തരൂർ പിൻമാറിയില്ല
ശശി തരൂരിന്റെ ലേഖനത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരുപാട് വിയോജിപ്പുകൾ ഉണ്ടെങ്കിലും ഈ വിഷയത്തിൽ തരൂരിന് ഒപ്പമാണ്. ഇടതുപക്ഷം വന്നാൽ വളർച്ച മുരടിക്കുമെന്ന വാദത്തെ ശശി തരൂർ തള്ളിക്കളഞ്ഞു. വൈകിയാണെങ്കിലും തരൂരിനെ പോലുള്ളവർക്ക് സത്യം അംഗീകരിക്കേണ്ടി വന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.
കേരളത്തിലെ കോൺഗ്രസ് പ്രമാണിമാർ തള്ളിപ്പറഞ്ഞിട്ടും ശശി തരൂർ പിൻമാറിയില്ല. വി.ഡി. സതീശനും കെ.സി. വേണുഗോപാലും ഉൾപ്പടെയുള്ളവർ തള്ളിപ്പറഞ്ഞിട്ടും ശശി തരൂർ പറഞ്ഞതിൽ നിന്ന് മാറിയിട്ടില്ല. പറഞ്ഞ കാര്യം പറഞ്ഞതാണെന്നും ശരിയാണെന്നും അദ്ദേഹം ഉറച്ചു നിന്നു. വലതുപക്ഷം കെട്ടിപ്പൊക്കിയ നുണക്കോട്ട തകർന്നിരിക്കുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
'ചെയ്‌ഞ്ചിങ് കേരള: ലംബറിങ് ജംബോ ടു എ ലൈത് ടൈഗർ' എന്ന തലക്കെട്ടിൽ ന്യൂ ഇന്ത്യൻ എക്സ്‌പ്രസിൽ വന്ന ശശി തരൂരിന്റെ ലേഖനമാണ് വ്യവസായ രംഗത്തെ മാറ്റങ്ങളെ പ്രതി ഇരു മുന്നണികൾക്കും ഇടയിൽ തർക്കങ്ങൾക്ക് കാരണമായത്. സ്റ്റാർട്ടപ്പ് രംഗത്ത് കേരളം നേടിയ കുതിച്ചുചാട്ടം, നൂലാമാലകളിൽ കുരുങ്ങിക്കിടക്കാത്ത നിക്ഷേപ സൗഹൃദ സാഹചര്യം എന്നിവയെല്ലാമാണ് തരൂർ ലേഖനത്തിൽ എടുത്തു പറഞ്ഞത്.
ലേഖനം വന്നതിനു പിന്നാലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ വികസന പ്രവർത്തനങ്ങൾ ലേഖകനായ കോണ്‍ഗ്രസ് എംപി അവഗണിച്ചുവെന്ന തരത്തിൽ വിമർശനങ്ങൾ വന്നിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടിയെ മനപൂർവം ഒഴിവാക്കിയതല്ലെന്നും ലേഖനത്തിന്റെ പ്രതിപാദ്യ വിഷയം വ്യവസായ രംഗത്തെ സിപിഎമ്മിന്‍റെ നയമാറ്റവും അത് കേരളത്തിന്റെ വളർച്ചയെ സ്വാധീനിക്കുന്നതെങ്ങനെ എന്നുമായിരുന്നു എന്നാണ് തരൂരിന്റെ വിശദീകരണം.