സെൻട്രൽ സ്പോർട്സ് ഓഫീസറാണ് സ്പോർട്സ് ക്വാട്ടയിലെ നിയമനങ്ങളുടെ ഫയൽ നീക്കം നടത്തേണ്ടത്
എം.ആർ. അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയിൽ നിന്ന് മാറ്റി. സെൻട്രൽ സ്പോർട്സ് ഓഫീസർ ചുമതലയിൽ നിന്നാണ് അജിത് കുമാറിനെ മാറ്റിയത്. എസ്. ശ്രീജിത്ത് ഐപിഎസിനാണ് പകരം ചുമതല. പൊലീസിലെ ഇൻസ്പെക്ടർ റാങ്കിൽ ബോഡി ബിൽഡിങ് താരങ്ങളെ നിയമിക്കുന്നത് വിവാദമായിരുന്നു. ഇതിനെ തുടർന്ന് ചുമതലയിൽ നിന്ന് മാറ്റാൻ അജിത് കുമാർ ആവശ്യപ്പെട്ടിരുന്നു. സെൻട്രൽ സ്പോർട്സ് ഓഫീസറാണ് സ്പോർട്സ് ക്വാട്ടയിലെ നിയമനങ്ങളുടെ ഫയൽ നീക്കം നടത്തേണ്ടത്.
Also Read: നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും, തെളിവെടുപ്പ് കനത്ത സുരക്ഷയിൽ
ബോഡി ബിൽഡിങ് താരങ്ങള്‍ക്ക് പൊലീസില്‍ ഇന്‍സ്പെക്ടറായി ജോലി നല്‍കാനുള്ള തീരുമാനം നിയമങ്ങൾ അട്ടിമറിച്ചാണെന്ന് ആരോപണം ഉയർന്നിരുന്നു. ആംഡ് ബറ്റാലിയൻ ഇൻസ്പെക്ടർമാരായി കായികതാരങ്ങളെ നിയമിക്കരുതെന്നാണ് നിയമം. എന്നാൽ ഇത് മറികടന്ന് നേരത്തെ രണ്ട് കായിക താരങ്ങളെ ആ പോസ്റ്റിലേക്ക് നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിൽ ആഭ്യന്തര വകുപ്പ് ഡിജിപിക്ക് കത്ത് അയയ്ക്കുകയും ചെയ്തു. കത്തിൽ മാനദണ്ഡങ്ങളിൽ അയവു വരുത്തി നിയമനം നടത്തണമെന്നായിരുന്നു നിർദേശം. എന്നാൽ സർക്കാർ തീരുമാനിച്ച പല കായിക താരങ്ങളെയും ഒഴിവാക്കിക്കൊണ്ടാണ് നിയമനം നടത്തിയതെന്ന ആരോപണം വന്നു. കണ്ണൂര്‍ സ്വദേശിയായ ഒരു വോളിബോള്‍ താരത്തെക്കൂടി പൊലീസില്‍ നിയമിക്കാന്‍ സമ്മര്‍ദം ശക്തമായിരുന്നു. സമ്മർദത്തെ തുടർന്ന് അജിത് കുമാർ അവധിയില്‍ പ്രവേശിച്ചു. ഇതിന് പിന്നാലെയാണ് എം.ആർ. അജിത് കുമാറിനെ ചുമതലയിൽ നിന്ന് മാറ്റിയത്.
Also Read: ബലാത്സംഗക്കേസിൽ മുകേഷിന് ആശ്വാസം; കുറ്റപത്രം മടക്കി കോടതി, സാങ്കേതിക പിഴവ് കണ്ടെത്തി
നേരത്തെ നിലമ്പൂർ മുന്‍ എംഎല്‍എ പി.വി. അന്‍വർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദന ആരോപണത്തെ തുടർന്ന് അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി പകരം പൊലീസ് ബറ്റാലിയന്‍റെ ചുമതല നല്‍കിയിരുന്നു.