85കാരനായ ആയത്തുള്ള അലി ഖമേനിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഇക്കഴിഞ്ഞ ഒക്ടോബർ 27നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്
ഇറാന്‍ പരമോന്നത ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ. മകനെ രഹസ്യയോഗത്തിലൂടെ പിന്‍ഗാമിയായി തെരഞ്ഞെടുത്തെന്നും സൂചനകളുണ്ട്. ഇസ്രയേൽ മാധ്യമങ്ങളാണ് ഖമേനി കോമയിലാണെന്ന് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതിനോട് ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
85കാരനായ ആയത്തൊള്ള അലി ഖമേനിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഇക്കഴിഞ്ഞ ഒക്ടോബർ 27നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്. ഇതിനെ പിന്‍പറ്റിയാണ് വെള്ളിയാഴ്ച മുതല്‍ എക്സ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ആയത്തൊള്ള ഖമേനി കോമയിലാണെന്ന വ്യാപക പ്രചാരണം ആരംഭിച്ചത്. ഇസ്രയേൽ മാധ്യമ റിപ്പോർട്ടുകളെ ഉദ്ധരിച്ചുകൊണ്ടുള്ള ഈ പ്രചരണത്തോട് ഇറാന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നേരത്തെ, ഹിസ്‌ബുള്ള തലവന്‍ ഹസന്‍ നസ്റള്ള കൊല്ലപ്പെട്ട ഘട്ടത്തില്‍, മരണം ആദ്യമായി റിപ്പോർട്ടുചെയ്ത മാധ്യമങ്ങളില്‍ ചിലതും ഈ വാർത്തയെ ശരിവെച്ചു. ഇതോടെ പശ്ചിമേഷ്യയില്‍ അലി ഖമേനിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ആളികത്തുകയാണ്.
ഇക്കഴിഞ്ഞ നവംബർ 7 ന് അവസാനമായി പൊതുവേദിയിലെത്തിയ ആയത്തൊള്ള അലി ഖമേനി മരണപ്പെട്ടതായും ചില പ്രാദേശിക ഇസ്രയേൽ മാധ്യമങ്ങള്‍ അവകാശപ്പെടുന്നുണ്ട്. അലി ഖമേനിയുടെ ആറുമക്കളില്‍ രണ്ടാമനായ മൊജ്‌താബ ഹൊസൈനി ഇതോടെ ഇറാന്‍റെ പരമോന്നത നേതൃസ്ഥാനം ഏറ്റെടുക്കുമെന്നും ചില റിപ്പോർട്ടുകള്‍ പറയുന്നു.
ഖമേനിയുടെ ആവശ്യപ്രകാരം ഇക്കഴിഞ്ഞ സെപ്തംബർ 26ന് 60 അംഗ അസംബ്ലി യോഗം ചേർന്നെന്നും മൊജ്‌താബ ഹൊസൈനിയെ അടുത്ത നേതാവായി ഐക്യകണ്ഠേനെ തെരഞ്ഞെടുത്തെന്നുമാണ് ഭരണകൂട വിരുദ്ധ പേർഷ്യന്‍ മാധ്യമമായ ഇറാൻ ഇൻ്റർനാഷണലിനെ ഉദ്ധരിച്ച് ഇസ്രയേൽ മാധ്യമമായ യെനെറ്റ് ന്യൂസ് റിപ്പോർട്ടുചെയ്തത്. മുൻകൂർ അറിയിപ്പില്ലാതെയാണ് ഈ അസാധാരണ യോഗം വിളിച്ചുകൂട്ടിയതെന്നും, ജനരോഷം കണക്കിലെടുത്ത് യോഗവിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കാനാണ് നേതൃത്വത്തിന്‍റെ നിർദേശമെന്നും യെനെറ്റ് റിപ്പോർട്ടില്‍ പറയുന്നു.
ALSO READ: അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ത്യക്കാർ ഏറ്റവുമധികം ഗൂഗിളിൽ തിരഞ്ഞതെന്ത്?
55കാരനായ മൊജ്‌താബ സർക്കാരിൽ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ല. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി, ഭരണകൂടവുമായി ബന്ധപ്പെട്ട നിർണായ തീരുമാനങ്ങളില്‍ ഇയാൾ പങ്കാളിയാണെന്നാണ് പറയപ്പെടുന്നത്. ഇറാനിലെ ഹിജാബ് പ്രക്ഷോഭം അടിച്ചമർത്തിയതിന് പിന്നിലെ കരങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന മൊജ്‌താബ ഖൊമെനി, പരമോന്നത മതപദവിയായ ആയത്തൊള്ളയായും ഇക്കാലയളവില്‍ ഉയർത്തപ്പെട്ടിരുന്നു. ഈ പദവിയിലേക്ക് പരിഗണിക്കപ്പെട്ടിരുന്ന മുന്‍ ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റഈസി ഹെലികോപ്റ്റർ അപകടത്തില്‍ കൊല്ലപ്പെടുകയും ചെയ്തതോടെ, എതിർപ്പുകളില്ലാതെ മൊജ്‌താബ അധികാരമുറപ്പിക്കുമെന്നാണ് സൂചന. തന്‍റെ മരണശേഷം മകനെ വാഴിക്കാനുള്ള ശ്രമങ്ങള്‍ക്ക് എതിർപ്പുകളൊന്നും ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കമാണ് അലി ഖമേനിയുടേതെന്നും സ്ഥിരീകരിക്കപ്പെടാത്ത ഈ റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നു.