നിരന്തരം ആഡംബര കാറുകൾ വന്നു പോയിരുന്നതായും വരുന്നവരിലേറെയും ഉന്നത ബന്ധമുള്ളവർ ആയിരുന്നുവെന്നും ഇരുവരും വെളിപ്പെടുത്തി
എറണാകുളത്തെ സിഎസ്‌ആർ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണൻ്റെ ഫ്ലാറ്റിൽ ഉന്നതരായ രാഷ്ട്രീയ നേതാക്കൾ നിത്യസന്ദർശകർ ആയിരുന്നുവെന്ന് വെളിപ്പെടുത്തൽ. ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണനും കോൺഗ്രസ് നേതാവ് ലാലി വിൻസെൻ്റും ഈ ഫ്ലാറ്റിൽ നിത്യ സന്ദർശകരാണെന്ന് കെയർ ടേക്കറും വാച്ച്മാനും ന്യൂസ് മലയാളത്തോട് പറഞ്ഞു. നിരന്തരം ആഡംബര കാറുകൾ വന്നു പോയിരുന്നതായും വരുന്നവരിലേറെയും ഉന്നത ബന്ധമുള്ളവർ ആയിരുന്നുവെന്നും ഇരുവരും വെളിപ്പെടുത്തി.
അതേസമയം, കേസിലെ നിർണായക രേഖകളായ ഫയലുകൾ അനന്തു കൃഷ്ണൻ മാറ്റുന്നതിൻ്റെ ദൃശ്യങ്ങളും ന്യൂസ് മലയാളം പുറത്തുവിട്ടു. പിടിയിലാകുന്നതിന് മുൻപ് അനന്തു കൃഷ്ണൻ ഫയലുകൾ മാറ്റുന്ന സിസിടിവി ദൃശ്യങ്ങളാണ് ന്യൂസ് മലയാളത്തിന് ലഭിച്ചത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതി അനന്തു കൃഷ്ണനെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിൻ്റെ ശ്രമം. ഇതിനായി അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ALSO READ: പകുതി വിലയ്ക്ക് ടൂവീലർ വാഗ്ദാനം ചെയ്ത് തട്ടിയത് കോടികൾ; തൊടുപുഴ സ്വദേശി അറസ്റ്റിൽ
അതേസമയം, കേസിൻ്റെ അന്വേഷണം കോൺഗ്രസ് നേതാക്കളിലേക്കും നീളുകയാണ്. പലയിടങ്ങളിലും പ്രതി അനന്തു കൃഷ്ണൻ സംഘടിപ്പിച്ച പരിപാടികളിൽ ഉദ്ഘാടകരായി എത്തിയത് കോൺഗ്രസ് നേതാക്കളാണ്. പറവൂരിൽ മാത്രം ആയിരത്തിലേറെ പേർ തട്ടിപ്പിനിരയായിട്ടുണ്ട് എന്നാണ് വിവരം. കേസിൻ്റെ അന്വേഷണം ഉടൻ ക്രൈംബ്രാഞ്ചിന് കൈമാറും. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമാകും ഇത്. കൂടുതൽ പരാതികൾ ലഭിക്കുന്നതായും റിപ്പോർട്ടുണ്ട്.